നിലപാടിൽ ഉറച്ച് ഇന്ത്യ, ചൈന; പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ഫലം ചെയ്തില്ല
text_fieldsന്യൂഡൽഹി: അതിർത്തി സംഘർഷത്തിനിടയിൽ ഇന്ത്യ, ചൈന പ്രതിരോധ മന്ത്രിമാർ ഇതാദ്യമായി നടത്തിയ ചർച്ചയിൽ പരസ്പരം പഴിചാരൽ മാത്രം; പ്രശ്നപരിഹാരമായില്ല.
പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്, ചൈനയുടെ പ്രതിരോധ മന്ത്രി ജനറൽ വീ ഫെങ്ഗെ എന്നിവർ മോസ്കോവിൽ രണ്ടര മണിക്കൂറാണ് വിഷയം ചർച്ചചെയ്തത്. എന്നാൽ, തങ്ങളുടെ പക്ഷത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് ഇന്ത്യയും ചൈനയും ഒരേപോലെ വ്യക്തമാക്കിയത്.
മുൻകാല ധാരണകൾക്ക് അനുസൃതമായി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന താൽപര്യം ഇരുകൂട്ടരും ഒരേപോലെ ആവർത്തിക്കുന്നുണ്ട്. അതിർത്തിയിൽ സമാധാനവും സഹിഷ്ണുതയുമാണ് വേണ്ടതെന്ന് അംഗീകരിക്കുന്നുണ്ട്. അതേസമയം, മുൻകാലത്തെ പരസ്പര ധാരണ ഏകപക്ഷീയമായി ലംഘിച്ച് അതിർത്തിയിലെ തൽസ്ഥിതി മാറ്റാൻ സേന നടത്തിയ ഉത്തരവാദിത്തമില്ലാത്ത നടപടികളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ഇരുപക്ഷവും കുറ്റപ്പെടുത്തി.
അതിർത്തിയിലെ സൈനിക സംഘർഷത്തിന് പരിഹാരം കാണാൻ സൈനിക, നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾ ഒരു പുരോഗതിയും ഉണ്ടാക്കിയില്ല. ഇതിനു ശേഷം നടന്ന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലും പ്രശ്നപരിഹാരത്തിന് വഴി തെളിയാത്തത് സാഹചര്യങ്ങളുടെ സങ്കീർണതയും ഗൗരവവും എടുത്തു കാട്ടുന്നു. ഷാങ്ഹായ് സഹകരണ കൂട്ടായ്മ(എസ്.സി.ഒ)യുടെ യോഗത്തിൽ പങ്കെടുക്കാനാണ് ഇന്ത്യ, ചൈന പ്രതിരോധ മന്ത്രിമാർ മോസ്കോയിൽ എത്തിയത്.
ചൈന ബാലിശമായി പെരുമാറുന്നു -രാജ്നാഥ് സിങ്
''അതിർത്തിയിൽ ചൈന സൈനികരുടെ എണ്ണം കൂട്ടുന്നു. അവർ ബാലിശമായി പെരുമാറുന്നു. നിലവിലെ സ്ഥിതി മാറ്റിമറിക്കാൻ ഏകപക്ഷീയമായി ശ്രമിക്കുന്നു. ഇതൊക്കെ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ഇരുപക്ഷത്തെയും പ്രത്യേക പ്രതിനിധികൾ എത്തിച്ചേർന്ന ധാരണക്ക് നിരക്കുന്നതുമല്ല. ഇന്ത്യൻ സേന അതിർത്തി വിഷയത്തിൽ ഉത്തരവാദിത്തപൂർവമാണ് മുന്നോട്ടു പോകുന്നത്. എന്നാൽ, ഇന്ത്യയുടെ പരമാധികാരവും അതിർത്തി ഭദ്രതയും ഉറപ്പാക്കുന്നതിലെ നിശ്ചയദാർഢ്യത്തിൽ ഒരു സംശയവുമില്ല. അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറുന്ന സ്ഥിതി വരരുത്. ചർച്ചയാണ് മുന്നോട്ടുള്ള വഴി. പേങാങ് തടാക മേഖലയിൽ അടക്കം, എല്ലാ സംഘർഷ മേഖലകളിൽനിന്നും സേനാ പിന്മാറ്റത്തിന് ചൈന ഇന്ത്യക്കൊപ്പം നിന്ന് പ്രവർത്തിക്കണം. നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കരുത്. സ്ഥിതി സങ്കീർണമാക്കുന്ന നടപടി ഉണ്ടാകരുത്. സൈനിക, നയതന്ത്ര തലത്തിൽ അടക്കം ചർച്ച തുടരണം.''
ഉത്തരവാദി ഇന്ത്യ -ജനറൽ വീ ഫെങ്ഗെ
''അതിർത്തി പ്രശ്നം രണ്ടു രാജ്യങ്ങളുടെയും സേനകളുടെയും ബന്ധങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സംഘർഷത്തിെൻറ കാരണവും യാഥാർഥ്യവും വളരെ വ്യക്തമാണ്. സംഘർഷത്തിന് ഇന്ത്യയാണ് പൂർണ ഉത്തരവാദി. ചൈനയുടെ ഭൂപ്രദേശം നഷ്ടപ്പെടുത്താനാവില്ല.
അതിർത്തി ഭദ്രതയുടെ കാര്യത്തിൽ സേനക്ക് നിശ്ചയദാർഢ്യമുണ്ട്, ശേഷിയും വിശ്വാസവുമുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് ഷീ ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ. അത് പാലിക്കപ്പെടണം. മുന്നണിയിലെ സേനയെ നിയന്ത്രിക്കണം.
അവരുടെ പ്രകോപനപരമായ നടപടികൾ സ്ഥിതി മോശമാക്കിയെന്നുവരും. സാഹചര്യങ്ങൾ മൊത്തത്തിൽ വിലയിരുത്തി സംഘർഷം ഏറ്റവും പെട്ടെന്ന് പരിഹരിക്കണം. അതിർത്തിയിൽ സമാധാനവും സഹിഷ്ണുതയും നിലനിർത്തണം. പ്രതിരോധ മന്ത്രിമാർ അടക്കം എല്ലാ തലത്തിലും പരസ്പര സമ്പർക്കം നിലനിർത്തണം.''
സഹായിക്കാൻ താൽപര്യം –ട്രംപ്
ന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തി പ്രശ്നം വഷളായെന്നും പ്രശ്നപരിഹാരത്തിന് സഹായിക്കാൻ അമേരിക്ക താൽപര്യപ്പെടുന്നുവെന്നും പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ഒരുപാട് പേർക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധമാണ് ഈ വിഷയത്തിൽ രണ്ടു രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ, സഹായിക്കാൻ ഇഷ്ടമാണ്. രണ്ടു രാജ്യങ്ങളോടും ഇതു പറയുന്നുണ്ട് –വൈറ്റ്ഹൗസിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.