ദോക്ലാമിൽ ആവശ്യമായ മാറ്റങ്ങൾക്ക് തയാറെന്ന് ചൈന
text_fieldsന്യൂഡൽഹി: ദോക്ലാമിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിെൻറ പ്രസ്താവനയെ അനുകൂലിച്ച് ചൈന. ദോക്ലാമിൽ ചൈനക്ക് പരാമാധികാരമുളള മേഖലയിൽ സൈന്യം പട്രോളിങ് തുടരുമെന്ന് ബെയ്ജിങ് അറിയിച്ചു. ദോക്ലാം അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നുവെന്ന ഇന്ത്യയുടെ തീരുമാനത്തിൽ സന്തോഷമുണ്ട്. ദോക്ലാം മേഖലയിൽ ചൈനീസ് സൈന്യം നടത്തുന്ന പട്രോളിങ് തുടരും. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ചർച്ചയുടെ പുരോഗതിയുടെ അടിസ്ഥാനത്തിൽ നിലവിൽ ആവശ്യമായ മാറ്റങ്ങൾക്ക് ചൈന തയാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദോക്ലാമിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിലായി നടന്ന നയതന്ത്ര ചർച്ചകളിലൂടെ ദോക്ലാം വിഷയത്തിൽ ധാരണയിലെത്തിയെന്നും ഇരു രാജ്യങ്ങളും ഉടൻ സൈന്യത്തെ പിൻവലിക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.
എന്നാൽ പൂർണമായ സൈനിക പിൻമാറ്റമില്ലെന്ന തീരുമാനത്തിലാണ് ചൈന. അടുത്തമാസം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ചൈന സന്ദർശനത്തിന് മുന്നോടിയായി സൈനികരെ പിൻവലിക്കുന്നത് പൂർത്തിയാക്കാൻ ധാരണയായെന്നായിരുന്നു അറിയിപ്പ്.
ദോക്ലാമിൽ ഇരുഭാഗങ്ങളിലും മുന്നൂറു വീതം സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. ദോക്ലാമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന ചൈനയുടെ തീരുമാനത്തോടെ നിലവിലുള്ള സംഘർഷങ്ങൾക്ക് അയവുവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.