അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടി; 11പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ. ഇരുഭാഗത്തുമായി 11 സൈനികർക്ക് പരിക്കേറ്റു. വടക്കൻ സിക്കിമിലെ നാകു ല പാസിലാണ് ഞായറാഴ്ച ഇരുപക്ഷവും തമ്മിൽ അടിപിടിയുണ്ടായത്. നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനികർക്കുമാണ് പരിക്കേറ്റതെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് സൈനിക നടപടിക്രമങ്ങൾ പ്രകാരം നടത്തിയ സംഭാഷണത്തിൽ പ്രശ്നം പരിഹരിച്ചു.
ഇരുഭാഗത്തേയും 150 ഓളം സൈനികരാണ് പരസ്പരം പോരടിച്ചത്. അതിർത്തി സംബന്ധിച്ച വിഷയമാണ് കാരണം. 2017 ആഗസ്റ്റിൽ ലഡാക്കിലെ പാങ്ഗോങ്ങിൽ ഇരുപക്ഷവും തമ്മിൽ കല്ലേറും അടിപിടിയും ഉണ്ടായതാണ് അവസാന സംഭവം.
2017ൽ സിക്കിമിലെ ദോക്ലാം അതിർത്തിഭാഗത്ത് ഇന്ത്യ-ചൈന സൈനികർ തമ്മിൽ യുദ്ധത്തിെൻറ വക്കിലെത്തുന്ന വിധം 73 ദിവസം നീണ്ട കടുത്ത സംഘർഷം രൂപപ്പെട്ടിരുന്നു. 3,488 കി. മീറ്ററാണ് ഇന്ത്യ- ചൈന അതിർത്തി. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽപ്രദേശ് ദക്ഷിണ ടിബറ്റിെൻറ ഭാഗമാണെന്ന ചൈനയുടെ അവകാശവാദമാണ് സംഘർഷത്തിന് കാരണമാകുന്നത്. തർക്കത്തിൽ അന്തിമ തീരുമാനമാകുന്നതുവരെ അതിർത്തിയിൽ സമാധാനം നിലനിർത്തണമെന്നതാണ് ഇരു രാജ്യങ്ങളും തമ്മിലെ ധാരണ.
1962ൽ ഇന്ത്യ-ചൈന യുദ്ധത്തിനും അതിർത്തിതർക്കം കാരണമായിരുന്നു. ദോക്ലാം സംഘർഷത്തിനു പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങും തമ്മിൽ ചൈനയിലെ വുഹാനിൽ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇരു നേതാക്കളും തമ്മിൽ ചെന്നൈയിലെ മാമല്ലപുരത്തും സംഭാഷണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.