ഇന്ത്യ-ചൈന സംഭാഷണം ഇന്ന്; മോദി-ഷി കൂടിക്കാഴ്ചക്ക് മുന്നോടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഒരാഴ്ചമാത്രം ബാക്കിനിൽക്കേ ലഡാക് അതിർത്തിയിലെ യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച തർക്കപരിഹാരത്തിന് ഇന്ത്യ-ചൈന സംഭാഷണം ഇന്ന് നടക്കും. നാലുമാസത്തെ ഇടവേളക്കുശേഷമാണ് അതിർത്തി തർക്കപരിഹാരത്തിന് ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ 19ാം വട്ട സംഭാഷണത്തിനിരിക്കുന്നത്.
ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി ഏപ്രിൽ 23ന് നടന്ന ഇന്ത്യ-ചൈന സംഭാഷണത്തിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ ചർച്ച. 14ാം കോപ്സ് കമാൻഡർ ലഫ്റ്റനന്റ് റാഷിം ബാലി സംഭാഷണത്തിനുള്ള ഇന്ത്യൻ സൈനിക പ്രതിനിധി സംഘത്തെ നയിക്കും. പരസ്പരം ആത്മവിശ്വാസമുണ്ടാക്കുന്നതും അതിർത്തി പ്രോട്ടോകോൾ പാലിക്കുന്നതും പട്രോളിങ് വിവരങ്ങൾ പരസ്പരം കൈമാറുന്നതും ചർച്ചയിൽവരും.
2017ൽ ഡോക്ലാമിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം പൂർവസ്ഥിതിയിലേക്ക് മടങ്ങാത്ത അതിർത്തിയിൽ 60,000ത്തോളം സൈനികർ ഇപ്പോഴും ഇരുപക്ഷത്തും നിലയുറപ്പിച്ചിട്ടുണ്ട്. 2020ലെ ഉലച്ചിലിനുശേഷം ബാലിയിലെ ജി-20 ഉച്ചകോടിയിലാണ് മോദിയും ഷിയും നേർക്കുനേർ കണ്ടുമുട്ടിയത്. കഴിഞ്ഞ മാസം വിദേശമന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശമന്ത്രിയെ കണ്ടിരുന്നു.
ആഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.