നിയന്ത്രണരേഖക്ക് സമീപം പട്രോളിങ്; ഇന്ത്യയും ചൈനയും കരാറിലെത്തി
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ തർക്കത്തിലുള്ള പ്രദേശങ്ങളിലെ പട്രോളിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചൈനയുമായി ധാരണയിലെത്തിയതായി ഇന്ത്യ. ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങളും നയതന്ത്ര, സൈനികതലത്തിൽ നടത്തിവന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രി പറഞ്ഞു.
ദെപ്സാങ്, ദെംചോക് എന്നീ പ്രദേശങ്ങളിലെ സൈനിക പട്രോളിങ് സംബന്ധിച്ചാണ് ധാരണയായത്. അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനും 2020ൽ തുടങ്ങിയ സംഘർഷത്തിന് അറുതി വരുത്താനും ധാരണ വഴിതെളിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതേസമയം, സംഘർഷം തുടങ്ങുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പട്രോളിങ് അവകാശം പുനഃസ്ഥാപിക്കുമോയെന്ന് വ്യക്തമായിട്ടില്ല.
2020 മേയിലാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷത്തിന് തുടക്കമായത്. ആ വർഷം ജൂണിൽ ഗാൽവൻ താഴ്വരയിൽ ഇരു സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ സംഘർഷം രൂക്ഷമായി. പിന്നീട് നിരവധി തർക്ക സ്ഥലങ്ങളിൽനിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചെങ്കിലും പ്രശ്നത്തിന് പൂർണ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.