ഇന്ത്യ-ചൈന ബന്ധത്തിൽ അസ്വസ്ഥത രൂപപ്പെട്ടു; ഇനിയും സംഘർഷത്തിന് സാധ്യത -വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: അതിർത്തിയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ അസ്വസ്ഥത രൂപപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന അക്രമങ്ങൾ പൊതുജനത്തെയും രാഷ്ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
ഈ വർഷം സംഭവിച്ചത് തീർച്ചയായും വളരെ ആഴത്തിലുള്ള മാറ്റമാണ്. ചർച്ചകൾക്ക് മാത്രമല്ല, 30 വർഷത്തിലധികം നീണ്ട ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനാണ് മാറ്റം വരുത്തിയത്. സൈനികർ മുഖാമുഖം വരുന്ന പല സ്ഥലങ്ങളും സംഘർഷ സാധ്യതയുള്ളതാണ്. ജൂൺ 15ന് സംഭവിച്ചതു പോലുള്ള ദാരുണമായ എന്തെങ്കിലും ഇനിയും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഗാൽവാൻ സംഘർഷം ഉദാഹരിച്ച് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
1975ന് ശേഷം രാജ്യത്തിനേറ്റ ആദ്യത്തെ സൈനിക നഷ്ടടമാണെന്ന കാര്യത്തിൽ അടിവരയിടുന്നു. അതിനാൽ, ഈ സംഭവം പൊതുവായതും രാഷ്ട്രീയവും ആഴത്തിലുമുള്ള പ്രത്യാഘാതം ഉണ്ടാക്കി. ഇത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വല്ലാതെ അസ്വസ്ഥമാക്കിയെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
അതിർത്തിയിൽ ആശയതലം മുതൽ പെരുമാറ്റനില വരെ ഒരു ചട്ടക്കൂട് ഉണ്ടായിരുന്നു. ഇപ്പോൾ നമ്മൾ കണ്ടത് മുഴുവൻ കരാറുകളിൽ നിന്നുള്ള വ്യതിയാനമാണ്. അതിർത്തിയിൽ വലിയ തോതിൽ ചൈനീസ് സേനയുടെ എണ്ണം കൂട്ടുന്നത് ഇതിനെല്ലാം വിരുദ്ധമാണ്. അവരുടെ (ചൈന) ആയുധധാരികളായ നിരവധി സൈനികർ അതിർത്തിയിലുണ്ട്. ഇത് ഞങ്ങൾ (ഇന്ത്യ) നേരിടുന്ന വളരെ ഗുരുതരമായ സുരക്ഷാ വെല്ലുവിളിയാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.