ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് ലക്ഷദ്വീപിന് സമീപം യു.എസ് പടക്കപ്പൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ അറിവോ അനുമതിയോ ഇല്ലാതെ സമുദ്രസഞ്ചാര നിരീക്ഷണത്തിന് ലക്ഷദ്വീപിനു സമീപം അമേരിക്കൻ പടക്കപ്പൽ. സംഭവത്തിൽ അമേരിക്കയെ കേന്ദ്രസർക്കാർ ഉത്കണ്ഠ അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും, തുടർന്നും ഉണ്ടാകാമെന്നുമാണ് യു.എസ് നിലപാട്.
ചൈനക്കടലിലെ ഇടപെടലുകളുടെ പേരിൽ ചൈനയുമായി നടക്കുന്ന പോരിൽ അമേരിക്കയെ ഇന്ത്യ പിന്തുണച്ചു വരുന്നതിനിടയിലാണ്, ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ അമേരിക്കൻ നിരീക്ഷണം. ലക്ഷദ്വീപിന് പടിഞ്ഞാറ് 130 നോട്ടിക്കൽ മൈൽ മാത്രം അകലെ വരെ, ഏഴാം കപ്പൽപടയിൽ പെട്ട അമേരിക്കൻ പടക്കപ്പൽ എത്തി. ഇന്ത്യയുടെ തനതു സാമ്പത്തിക മേഖലയിൽ പെടുന്ന ഭാഗമാണിത്.
ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷൻസ് എന്ന പേരിൽ നടത്തുന്ന അമേരിക്കൻ നിരീക്ഷണമാണ് നടന്നത്. പേർഷ്യൻ കടലിടുക്കിൽനിന്ന് മലാക്ക മുനമ്പിലേക്കുള്ള കപ്പലുകളുടെ യാത്രയാണ് യു.എസ്.എസ് ജോൺ പോൾ ജോൺസ് പടക്കപ്പൽ തുടർച്ചയായി നിരീക്ഷിച്ചത്. ഒരു രാജ്യത്തിെൻറ സമുദ്രാതിർത്തിയിൽ അനുമതി കൂടാതെ പടക്കപ്പൽ എത്തുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഇന്ത്യൻ സമുദ്രസുരക്ഷ നയത്തിെൻറയും ലംഘനമാണ്. സമുദ്രാതിർത്തി സംബന്ധിച്ച ഇന്ത്യയുടെ നിലപാടിനെ വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ നടപടി.
നയതന്ത്ര മാർഗത്തിൽ അമേരിക്കയെ ഉത്കണ്ഠ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു. സമുദ്രനിയമം സംബന്ധിച്ച ഐക്യരാഷ്ട്ര ഉടമ്പടിക്ക് വിരുദ്ധമാണ് അമേരിക്കയുടെ നടപടി. ബന്ധപ്പെട്ട രാജ്യത്തിെൻറ അനുമതി കൂടാതെ സൈനിക സന്നാഹങ്ങളോടെയുള്ള നീക്കങ്ങൾ പാടില്ലെന്ന് യു.എൻ ഉടമ്പടി വിലക്കുന്ന കാര്യവും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അമേരിക്കൻ പടക്കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വന്നത് അറിഞ്ഞോ, അത് ചോദ്യം ചെയ്തോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രസ്താവന വിശദീകരിച്ചിട്ടില്ല.
ഈ മാസം ഏഴിന് ഇത്തരമൊരു നിരീക്ഷണം നടന്ന കാര്യം അസാധാരണമായി അമേരിക്ക തന്നെയാണ് ആദ്യം പുറത്തു വിട്ടത്.
ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷൻസ് ഏതെങ്കിലും ഒരു രാജ്യത്തിെൻറ മാത്രം കാര്യമല്ല. സമുദ്രത്തിൽ എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പട്രോളിങ് അന്താരാഷ്്ട്ര നിയമങ്ങൾക്ക് അനുസൃതമാണ്. മുൻകാലങ്ങളിലും പതിവായി ഈ നിരീക്ഷണം നടത്താറുണ്ട്, തുടർന്നും വേണ്ടിവരുമെന്ന് അവർ വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.