ഇറ്റലിയേയും മറികടന്ന് ഇന്ത്യ; രാജ്യത്ത് ഒരാഴ്ചക്കിടെ 61,000 പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ മേയ് ഒന്നിനുശേഷം വൻ വർധന. ഒരാഴ്ചക്കിടെ 61,000 പേർക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണം 2.35 ലക്ഷം കടന്നു. 6,600ൽ അധികം മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയേയും മറികടന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 2,34,531 ആണ്. ലോകരാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ആറാംസ്ഥാനത്താണ് ഇന്ത്യ.
ബുധൻ, വ്യാഴം ദിവസങ്ങളിൽ 9,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം േപരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 2,436 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 139പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി. മരണം 2,849.
ഗുജറാത്തിൽ 510 േപർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,199 ആയും മരണം 1,190 ആയും ഉയർന്നു. പശ്ചിമ ബംഗാളിൽ 427 പേർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതർ 7,303 ആയി ഉയർന്നു.
കർണാടകയിലും കഴിഞ്ഞദിവസം 500ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4,835 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. തമിഴ്നാട്ടിൽ 1,438 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,694 ആയി. മരണസംഖ്യ 232. കേരളത്തിൽ ആദ്യമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടന്നിരുന്നു. 111 പേർക്കാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.