ഭൂകമ്പത്തിൽ തകർന്ന അഫ്ഗാന് സഹായവുമായി ഇന്ത്യ; സാങ്കേതിക സംഘം കാബൂളിൽ
text_fieldsന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്താന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തെയുമാണ് പ്രത്യേക സൈനിക വിമാനത്തിൽ കാബൂളിലെത്തിച്ചത്.
കാബൂളിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുക. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിനുമാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൈനിക വിമാനത്തിൽ എത്തിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അധികൃതർക്ക് കൈമാറി. തുടർന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീർഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
നേരത്തെ, അഫ്ഗാനിൽ മാനുഷിക സഹായ വിതരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സംഘം കാബൂൾ സന്ദർശിക്കുകയും താലിബാന്‍റെ മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച 6.1 തീവ്രതയിൽ അഫ്ഗാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 1000ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 1500 പേർക്ക് പരിക്കേറ്റു. പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകർന്നു. 20 വർഷത്തിനിടെ അഫ്ഗാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.