തദ്ദേശീയ ഡ്രോൺ വേധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നു; ഉടൻ സുരക്ഷാ സേനക്ക് ലഭ്യമാക്കും -അമിത്ഷാ
text_fieldsജയ്‌സാൽമീർ: അതിർത്തികളിലെ ഡ്രോൺ ഭീഷണി തടയാൻ ഇന്ത്യ തദ്ദേശീയ ഡ്രോൺ വേധ സാങ്കേതികവിദ്യ (ഡ്രോണുകളെ ആക്രമിച്ച് തകർക്കൽ) വികസിപ്പിക്കുകയാണെന്നും അത് ഉടൻ സുരക്ഷാ സേനക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതിർത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ്) 57ാമത് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1965ൽ ബി.എസ്.എഫ് സ്ഥാപിതമായ ശേഷം ഇതാദ്യമായാണ് അതിർത്തിയിൽ സ്ഥാപകദിനം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മികച്ച സാേങ്കതികവിദ്യകൾ ബി.എസ്.എഫിന് ഉറപ്പാക്കും. ബി.എസ്.എഫ്, ഡി.ആർ.ഡി.ഒ, എൻ.എസ്.ജി എന്നിവയാണ് ഇൗ സാേങ്കതികവിദ്യ വികസിപ്പിക്കുന്നത്. ഇത് ഉടൻ യാഥാർഥ്യമാക്കുമെന്ന കാര്യത്തിൽ ശാസ്ത്രജ്ഞരിൽ പൂർണ വിശ്വാസമുണ്ട്.
2014 മുതൽ മോദി സർക്കാർ അതിർത്തി സുരക്ഷക്ക് പ്രത്യേക ഉൗന്നൽ നൽകുന്നുണ്ട്. അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, സുരക്ഷാസേനകൾക്കെതിരായ ആക്രമണങ്ങൾ എന്നിവക്ക് ഉടൻ തിരിച്ചടി നൽകിയിട്ടുണ്ട്. ബി.എസ്.എഫിലെ ഒഴിവുകൾ നികത്താൻ സർക്കാർ 50,000 ജവാന്മാരെ റിക്രൂട്ട് ചെയ്തതായും അവരുടെ പരിശീലനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.