ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകവ്യാപാരത്തിന്റെ അടിസ്ഥാനമാകും -മോദി
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടിയില്‍ ഇന്ത്യ നിർദേശിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരാനിരിക്കുന്ന നൂറുകണക്കിന് വര്‍ഷത്തേക്ക് ലോകവ്യാപാരത്തിന്റെ അടിസ്ഥാനമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഇടനാഴി ഇന്ത്യൻമണ്ണില്‍ ആരംഭിച്ചുവെന്നത് ചരിത്രം എന്നും ഓർക്കും. രാജ്യത്തിന്റെ സമ്പന്നകാലത്ത് ലോകത്തുണ്ടായിരുന്ന സില്‍ക്ക് റൂട്ടിന് ആധുനികകാലത്തുള്ള ബദൽ നിർദേശമാണിതെന്നും പ്രധാനമന്ത്രി ആകാശവാണിയിലെ ‘മൻ കീബാതി’ൽ പറഞ്ഞു. ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂനിയനെ സ്ഥിരാംഗമാക്കി ഇന്ത്യ അതിന്റെ നേതൃത്വപ്രഭാവം തെളിയിച്ചു.
പല സര്‍വകലാശാലകളിലും ജി20യുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു. ഇതിന്റെ തുടര്‍ച്ചയായി ‘ജി20 യൂനിവേഴ്സിറ്റി കണക്ട് പ്രോഗ്രാം’ സെപ്റ്റംബര്‍ 26ന് ഡല്‍ഹിയില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുമെന്നും മോദി പറഞ്ഞു.
ചന്ദ്രയാന്റെ വിജയത്തിനുശേഷം ജി20യുടെ അതിശയകരമായ നടത്തിപ്പ് ഓരോ ഇന്ത്യക്കാരന്റെയും സന്തോഷം ഇരട്ടിയാക്കി. ചന്ദ്രയാന്റെ ലാന്‍ഡിങ് ഐ.എസ്.ആര്‍.ഒയുടെ യൂട്യൂബ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ തത്സമയം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാന്ധി ജയന്തിയുടെ തലേന്ന് ഒരു മണിക്കൂര്‍ ശ്രമദാനത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേന്ന് ശുചിത്വത്തിനായി ഒരു മണിക്കൂര്‍ ശ്രമദാനം നടത്താന്‍ രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മന്‍ കി ബാത്തിന്റെ 105ാം എപ്പിസോഡിലായിരുന്നു ആഹ്വാനം. ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എല്ലാവരും ഒരുമിച്ച് ഇത്തരത്തില്‍ ഒരു ശ്രമദാനം നടത്തുന്നത് ബാപ്പുവിന് നല്‍കുന്ന സ്വച്ഛാഞ്ജലിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അങ്ങാടികൾ, റെയില്‍വേ ട്രാക്ക്, ജലാശയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നടക്കുന്ന ശുചിത്വപ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കുചേരണം. നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ, വ്യോമയാനം, റെയില്‍വേ, വിവരസാങ്കേതികവിദ്യ തുടങ്ങിയ ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളും പൊതുസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ ശുചിത്വപരിപാടികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.