മാലദ്വീപിനെ ഉത്കണ്ഠ അറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളിൽ കടുത്ത ഉത്കണ്ഠ അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ മാലദ്വീപ് ഹൈകമീഷണറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി. ഇതിനുപുറമെ, മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷണർ അവിടത്തെ വിദേശകാര്യ മന്ത്രാലയത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു.
മോശം പരാമർശങ്ങൾ നടത്തിയ മൂന്ന് ഉപമന്ത്രിമാരെ ഞായറാഴ്ച സസ്പെൻഡ് ചെയ്ത മാലദ്വീപ് ഭരണകൂടം, മന്ത്രിമാരുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാലദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് വിശദീകരിച്ചു. എല്ലാ അയൽപക്ക രാജ്യങ്ങളുമായും ക്രിയാത്മകവും ഗുണപരവുമായ സംഭാഷണങ്ങൾക്ക് പ്രതിബദ്ധമാണെന്നും മാലദ്വീപ് വ്യക്തമാക്കി. വിദേശ നേതാക്കൾക്ക് എതിരായ പരാമർശം അംഗീകരിക്കാനാവില്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറഞ്ഞു. മൽഷ ശരീഫ്, മറിയം ഷിയുന, അബ്ദുല്ല മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെയാണ് മാലദ്വീപ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. മാലദ്വീപിന്റെ ബദൽ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ലക്ഷദ്വീപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു ഇത്. കഴിഞ്ഞ ചൊവ്വാഴ്ച ലക്ഷദ്വീപ് സന്ദർശിച്ചതിനൊപ്പം മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളുമാണ് ഈ മന്ത്രിമാരെ ചൊടിപ്പിച്ചത്.
മോദി കോമാളിയാണ്, ഇസ്രായേലിന്റെ കൈയിലെ പാവയാണ് തുടങ്ങി മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ മാലദ്വീപിലും പ്രതിഷേധം ഉയർത്തിയിരുന്നു. മാലദ്വീപിനു പകരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ ഇന്ത്യൻ താരങ്ങൾ ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ സസ്പെൻഷനും മറ്റും ഉണ്ടായത്. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈസ് മൈ ട്രിപ് മാലദ്വീപിലേക്കുള്ള എല്ലാ വിമാന ടിക്കറ്റ് ബുക്കിങ്ങുകളും നിർത്തിവെച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ മിനിക്കോയിയിൽനിന്ന് കഷ്ടിച്ച് 70 നോട്ടിക്കൽ മൈൽ അകലെയാണ് മാലദ്വീപ്. അവിടെ എത്തുന്ന വിദേശ സഞ്ചാരികളിൽ അധികവും ഇന്ത്യക്കാരാണ്. 2023ൽ രണ്ടു ലക്ഷത്തിൽപരം ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.