ഏകാധിപത്യവും ആൾക്കൂട്ടക്കൊലയും; ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: സ്വതന്ത്ര രാജ്യം എന്ന പദവിയിൽ ഇന്ത്യ പിന്നോട്ടുപോയതായി യുഎസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ്. സ്വതന്ത്ര രാജ്യമായിരുന്ന ഇന്ത്യ ഭാഗിക സ്വതന്ത്ര രാജ്യം പദവിയിലേക്ക് കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസിന്‍റെ വാർഷിക റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
നരേന്ദ്രമോദി ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു. മോദിയുടെ ഭരണം ആരംഭിച്ച ശേഷം രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകർച്ച സംഭവിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകൾക്കു മേൽ വർധിച്ച സമ്മർദമുണ്ട്. അക്കാദമീഷ്യന്മാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആൾക്കൂട്ടക്കൊല അടക്കമുള്ള ആക്രമണങ്ങൾ അരങ്ങേറുന്നു- റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2019ൽ മോദി വീണ്ടും അധികാരത്തിലേറിയതു മുതൽ ഇത്തരം ഏകാധിപത്യ പ്രവണതകൾ ഏറിവരികയാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച് റിപ്പോർട്ടിൽ എടുത്തുപറയുന്നു. ജുഡിഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തേയും ഇത് ബാധിച്ചിട്ടുണ്ട്.
ഉരുക്കുമുഷ്ടിയോടെയാണ് കോവിഡ് മഹാമാരിക്കെതിരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഇത് അപകടരമായി ബാധിച്ചു. കോവിഡ് വൈറസ് പടർന്നതിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ കുറ്റപ്പെടുത്തലുകൾ നടന്നു. അവർക്കെതിരെ ആൾക്കൂട്ട അക്രമങ്ങൾ വരെയുണ്ടായി- ഡെമോക്രസി അണ്ടർ സീജ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ലവ് ജിഹാദും റിപ്പോർട്ടിൽ പരാമർശവിധേയമാകുന്നുണ്ട്. വിവാദമായ ലവ് ജിഹാദ് നിയമത്തിൽ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.