മോദി ഭരണത്തിൽ സ്വാതന്ത്ര്യവും നഷ്ടമാകുന്നു; ആഗോള സൂചികയിൽ രാജ്യം ഏറെ പിന്നിൽ
text_fieldsആഗോള മനുഷ്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യക്ക് തിരിച്ചടി. 17 സ്ഥാനങ്ങൾ പിന്നിലേക്കിറങ്ങി 111ാം സ്ഥാനത്തേക്ക് രാജ്യം പിന്തള്ളപ്പെട്ടു. സിവിൽ, സാമ്പത്തിക, വ്യക്തിഗത സ്വാതന്ത്ര്യത്തിെൻറ ആഗോള റാങ്കിങ് പട്ടികയിലാണ് ഇന്ത്യ പിന്നിലായത്. ലോകമെമ്പാടുമുള്ള സിവിൽ, സാമ്പത്തിക, വ്യക്തിഗത സ്വാതന്ത്ര്യത്തിെൻറ റാങ്കിങ് ആയ 'ഹ്യൂമൻ ഫ്രീഡം ഇൻഡെക്സ് 2020' വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്. 162 രാജ്യങ്ങളിൽ 111ാം സ്ഥാനത്താണ് ഇന്ത്യ. 2019 ൽ ഇന്ത്യ സൂചികയിൽ 94ാം സ്ഥാനത്തായിരുന്നു.
2020 ലെ സൂചികയിൽ യഥാക്രമം 129ഉം 139ഉം സ്ഥാനത്തുള്ള ചൈനയെയും ബംഗ്ലാദേശിനേക്കാളും ഇന്ത്യ മുന്നിലാണ്. ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 2019 ലും 2020 ലും ഈ മേഖലയിൽ ചൈന നടത്തിയ 'ആക്രമണാത്മക ഇടപെടലുകൾ' കാരണം ഭാവിയിൽ ഹോങ്കോങ്ങിെൻറ റാങ്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിെൻറ രചയിതാക്കളായ ഫ്രെഡ് മക്മോഹനും ഇയാൻ വാസ്‌ക്വസും പറഞ്ഞു. വ്യക്തിഗത സ്വാതന്ത്ര്യത്തിൽ 10ൽ 6.30 ഉം സാമ്പത്തിക സ്വാതന്ത്ര്യത്തിൽ 6.56 ഉം പോയിൻറുകൾ ഇന്ത്യ നേടി. രാജ്യത്തിെൻറ മൊത്തത്തിലുള്ള മനുഷ്യ സ്വാതന്ത്ര്യ സ്കോർ 6.43 ആയിരുന്നു.76 സൂചകങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.
2008 മുതൽ ലോകത്ത് വ്യക്തിസ്വാതന്ത്ര്യത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യം, സ്വത്വ സ്വാതന്ത്ര്യം, ബന്ധ സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയിലാണ് ഏറ്റവും വലിയ കുറവുണ്ടായത്. യുഎസും യുനൈറ്റഡ് കിങ്ഡവും സൂചികയിൽ 17-ാം സ്ഥാനത്താണ്. യുദ്ധത്തിൽ തകർന്ന സിറിയയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. നിരവധി ആഗോള സ്വാതന്ത്ര്യ സൂചികകളിൽ മോദി ഭരണകാലത്ത് രാജ്യം പിന്നിലായിട്ടുണ്ട്.
ഡെമോക്രസി വാച്ച്ഡോഗ് ഫ്രീഡം ഹൗസിെൻറ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഇൻറർനെറ്റ് സ്വാതന്ത്ര്യം തുടർച്ചയായ കുറഞ്ഞിരുന്നു. 2019 ജൂൺ 1 മുതൽ 2020 മെയ് 30 വരെയുള്ള കാലയളവിൽ ലോകത്ത് ഏറ്റവുമധികം ഇൻറർനെറ്റ് ഷട്ട്ഡൗണുകൾ ഉണ്ടായത് രാജ്യത്താണ്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ ഇക്കണോമിക് ഫ്രീഡം ഇൻഡെക്സിൽ 79 ൽ നിന്ന് 105 ലേക്ക് രാജ്യം പിന്തള്ളപ്പെട്ടിരുന്നു. ഏപ്രിലിൽ പുറത്തിറങ്ങിയ വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ താഴ്ന്നിരുന്നു. 180 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സൂചികയിൽ ഇന്ത്യ 142-ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.