ആ ക്ളബില്‍ ഇടിച്ചുകയറി ഇന്ത്യ
text_fieldsഒരു ഇന്ത്യന്‍ ഗ്രാമീണന്‍ പശുവിനെയും പിടിച്ച് ഉന്നതരുടെ ബഹിരാകാശ ക്ളബിന്‍െറ വാതില്‍ക്കല്‍വന്ന് മുട്ടുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയ ന്യൂയോര്‍ക് ടൈംസ് പത്രം അതിന് പിന്നീട് മാപ്പു പറഞ്ഞു. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യമായ മംഗള്‍യാന്‍ വിക്ഷേപണത്തെ പരിഹസിച്ചായിരുന്നു പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യ അമേരിക്കയടക്കം ബഹിരാകാശ ദൗത്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളെയെല്ലാം പിന്തള്ളിയിരിക്കുന്നു.
ഉന്നതരുടെ ബഹിരാകാശ ക്ളബിലേക്കുള്ള ഈ ഇടിച്ചുകയറ്റത്തിന് ഇന്ത്യയെ പ്രാപ്തമാക്കിയത് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തത്തെിച്ച് നേടിയ വിജയവും. ഇതിനു മുമ്പ് മറ്റ് രാജ്യങ്ങള്‍ക്കൊന്നും സാധിക്കാത്ത കാര്യം കൂടിയായതോടെ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കിത്തുടങ്ങിയിരിക്കുന്നു. പി.എസ്.എല്‍.വിയിലേറി കുതിച്ച 104 ഉപഗ്രഹങ്ങളില്‍ അമേരിക്കയുടേതാണ് 96 എണ്ണവും എന്നത് ഇന്ത്യയുടെ ബഹിരാകാശദൗത്യ വിശ്വാസ്യതക്ക് മാറ്റേകുന്നു.
മറ്റ് രാജ്യങ്ങള്‍ ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയെ കൂടുതലായി ആശ്രയിക്കാന്‍ കാരണം രാജ്യത്തെ ചെലവുകുറഞ്ഞ വിക്ഷേപണരീതിയാണ്. ഇന്ത്യക്ക് മംഗള്‍യാന്‍ ദൗത്യത്തിന് 74 ദശലക്ഷം ഡോളര്‍ ചെലവുവന്നപ്പോള്‍ അമേരിക്കയുടെ ചൊവ്വ ദൗത്യത്തിന് ചെലവായത് 671 ദശലക്ഷം ഡോളറാണ്. ‘ഗ്രാവിറ്റി’ എന്ന ചിത്രത്തിന് ഹോളിവുഡ് മുടക്കിയ 100 ദശലക്ഷം ഡോളറിനെക്കള്‍ കുറഞ്ഞ ചെലവിലാണ് ഇന്ത്യ ചൊവ്വയിലത്തെിയതെന്ന് മംഗള്‍യാന്‍ ദൗത്യവിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അടുത്തമാസം നടക്കുന്ന സാര്‍ക് ഉപഗ്രഹ വിക്ഷേപണത്തിന് 236 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ പി.എസ്.എല്‍.വി വിക്ഷേപണത്തിന് 90-100 കോടി ചെലവേ വരൂ. എന്നാല്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയാന്‍-5ല്‍ നിന്നുള്ള വിക്ഷേപണത്തിന് 721 കോടിയും അമേരിക്കയിലെ ബഹിരാകാശ ഉപകരണ നിര്‍മാതാക്കളായ സ്പേസ് എക്സ് കമ്പനിയുടെ ഫാല്‍ക്കണ്‍-9ല്‍ നിന്നുള്ള വിക്ഷേപണത്തിന് 500 കോടിയും വേണ്ടിവരും.
എന്നാല്‍, അമേരിക്ക വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ നിലവില്‍വരുന്നതോടെ ഇന്ത്യയില്‍നിന്നുള്ള വിക്ഷേപണത്തിന്‍െറ കുറഞ്ഞ ചെലവിനെ അവര്‍ മറികടക്കുമെന്നാണ് കരുതുന്നത്. അമേരിക്കയിലെതന്നെ സ്പേസ് എക്സ് കമ്പനി പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതോടെ വിക്ഷേപണ ചെലവില്‍ വന്‍ ഇടിവുണ്ടാക്കും.
ഇന്ത്യ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയുടെ വികസനഘട്ടത്തിലാണെങ്കിലും എത്ര വേഗം ഇതില്‍ രാജ്യം വിജയം വരിക്കുമെന്നതിനെ ആശ്രയിച്ചാണ് ഈ രംഗത്തെ മേല്‍ക്കൈ തീരുമാനിക്കപ്പെടുക. അല്ലാത്തപക്ഷം ഇപ്പോഴത്തെ മുന്‍തൂക്കം ഇന്ത്യക്ക് നഷ്ടപ്പെടും. ഇന്ത്യയുടെ പുനരുപയോഗ റോക്കറ്റ് സാങ്കേതികപദ്ധതിയായ ‘അവതാര്‍’ പൂര്‍ത്തിയാകാന്‍ ഇനിയും ഒമ്പതു വര്‍ഷമെടുക്കും. അപ്പോഴേക്കും സ്പേസ് എക്സ് അവരുടെ ചെലവു കുറഞ്ഞ സാങ്കേതികവിദ്യ ആഗോള ബാഹ്യാകാശ മാര്‍ക്കറ്റില്‍ വിജയിപ്പിച്ചെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.