ഇന്ത്യാ മുന്നണിയിലെ കക്ഷികൾ ഒന്നിക്കണം, കാവി പാർട്ടിയെ രാജ്യത്തൊട്ടാകെ പരാജയപ്പെടുത്തണം -സ്റ്റാലിൻ
text_fieldsചെന്നൈ: കേന്ദ്രത്തിൽ ബി.ജെ.പിയെ താഴെയിറക്കാൻ ഇന്ത്യാ മുന്നണിയിലെ കക്ഷികൾ ഒന്നിക്കണമെന്നും കാവി പാർട്ടിയെ ഇന്ത്യയൊട്ടാകെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തൃച്ചിയിലെ സിരുഗനൂരിൽ വി.സി.കെ അധ്യക്ഷൻ തോൽ തിരുമാവളവൻ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഫെഡറൽ സംവിധാനമോ ജനാധിപത്യമോ പാർലമെന്‍റോ ഉണ്ടാകില്ല. സ്റ്റേറ്റുകൾ തന്നെ ഉണ്ടാകില്ല. ജമ്മു കശ്മീർ രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി, ഇത് മറ്റു സ്ഥലങ്ങളിലും സംഭവിക്കും. ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി പോലും മാറും. ബി.ജെ.പി ഉയർത്തുന്ന അപകടത്തെ തടയാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം, നമുക്ക് മുന്നിലുള്ള അപകടം നമ്മൾ കരുതുന്നതിലും ഭീകരമാണ് -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കാം. എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബി.ജെ.പി ജയിക്കരുത് എന്ന ഒറ്റ ലക്ഷ്യത്തോടെ നമ്മൾ എല്ലാവരും പ്രവർത്തിക്കണം. ബി.ജെ.പിക്കെതിരായ വോട്ടുകൾ ചിതറിപ്പോകരുത്. ശത്രുക്കളെയും രാജ്യദ്രോഹികളെയും തുറന്നുകാട്ടണം -സ്റ്റാലിൻ പറഞ്ഞു.
സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത സ്റ്റാലിൻ, ബി.ജെ.പിയുടെ ഭയം മനസിലാക്കി അത് പ്രയോജനപ്പെടുത്തണമെന്നും ഒറ്റക്കെട്ടായി നിന്നാൽ ബി.ജെ.പി പരാജയപ്പെടുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.