രാജ്യം ‘ഇൻഡ്യ’ ഭരിക്കും - മല്ലികാർജുൻ ഖാർഗെ
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പിന്നിട്ടപ്പോൾ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങൾ യാത്രയയപ്പ് നൽകാനൊരുങ്ങുന്നതിന്റെ സൂചനയാണ് എങ്ങും കാണുന്നതെന്നും ‘ഇൻഡ്യ’ സഖ്യം അധികാരത്തിലേറുമെന്നും അദ്ദേഹം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ബി.ജെ.പി ഭരണഘടന തിരുത്തുമെന്നുറപ്പാണ്. ഭരണഘടന സംരക്ഷിക്കാനാണ് ‘ഇൻഡ്യ’യുടെ പോരാട്ടം. ഭരണഘടന തിരുത്തുമെന്ന് ആദ്യം പറഞ്ഞത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ആണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്ന് കർണാടകയിലെ ബി.ജെ.പി നേതാക്കൾ പറഞ്ഞിട്ടുണ്ട്.
വേറെയും സംഘ്പരിവാർ നേതാക്കൾ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. ഇവർക്കെതിരെയൊന്നും മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അധികാരത്തിൽവന്നാൽ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 10 കിലോ ധാന്യം സൗജന്യമായി നൽകും. അതേസമയം, ഇത്തരം കാര്യങ്ങളിൽ മോദിക്ക് താൽപര്യമില്ലെന്നും ഹിന്ദു-മുസ്ലിം വർഗീയ പ്രചാരണമാണ് അദ്ദേഹത്തിന്റെ വാക്കുകൾ മുഴുവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി വികസന കാര്യങ്ങളിൽ ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തിന് പറയാൻ കഴിയുന്നില്ലെന്നും ഖാർഗെ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.