അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിമാസം 8,500 രൂപ, അഗ്നിപഥ് പദ്ധതി പിൻവലിക്കും - രാഹുൽ ഗാന്ധി
text_fieldsപട്ന: ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 8,500 രൂപ വീതം നൽകുമെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. സൈന്യത്തിലേക്കുള്ള ഹ്രസ്വകാല പദ്ധതിയായ അഗ്നിപഥ് പിൻവലിക്കുമെന്നും ഇൻഡ്യ സഖ്യത്തിന് അനുകൂല തരംഗമാണ് രാജ്യത്ത് ഉള്ളതെന്നും ബിഹാറിലെ ബഖ്തിയാർപുരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.
“ഇൻഡ്യ സഖ്യം സർക്കാർ രൂപവത്കരിക്കുമ്പോൾ അഗ്നിപഥ് പദ്ധതി പിൻവലിക്കും. ജൂലായ് മുതൽ എല്ലാ മാസവും സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 8,500 രൂപ വീതം നിക്ഷേപിക്കും. ഇത് ഓരോ കുടുംബത്തിന്റെയും സാമ്പത്തികനിലയിൽ വലിയ മാറ്റം കൊണ്ടുവരും. ജൂൺ നാലിന് ശേഷം അഴിമതിയേക്കുറിച്ച് മോദിയോട് ഇ.ഡി ചോദിച്ചാൽ, തനിക്ക് ഒന്നും അറിയില്ലെന്നും, തന്നെ ദൈവം അയച്ചതാണെന്നുമാകും അദ്ദേഹം പറയുക” -രാഹുൽ പറഞ്ഞു.
2022ൽ മോദി സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ കരാർ വ്യവസ്ഥയിലാണ് സേനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. നാലു വർഷ സേവനത്തിനു ശേഷം 75 ശതമാനം പേരെ പിരിച്ചുവിടും. ഇവർക്ക് സാധാരണ ഗതിയിൽ സൈനികർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്ന് കാണിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.