കെജ്രിവാളിനും സോറനും കസേര ഒഴിച്ചിട്ട് റാഞ്ചിയിൽ ‘ഇൻഡ്യ’ മഹാറാലി
text_fieldsറാഞ്ചി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വേദിയിൽ കസേരകൾ ഒഴിച്ചിട്ട്, ഇരുവരുടെയും ഭാര്യമാരെ പങ്കെടുപ്പിച്ച് റാഞ്ചിയിൽ ഇൻഡ്യ സഖ്യത്തിന്റെ ‘ഉൽഗുലൻ ന്യായ് മഹാറാലി’. സോറൻ നേതൃത്വം നൽകുന്ന ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) സംഘടിപ്പിച്ച റാലിയിൽ ‘ജയിൽ പൂട്ട് പൊളിക്കും, ഹേമന്ത് സോറനെ വിട്ടയക്കും’, ‘ഝാർഖണ്ഡ് തലകുനിക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. ഇവർ സോറന്റെ ചിത്രം പതിപ്പിച്ച മാസ്കും ധരിച്ചിരുന്നു. ആദിവാസികളുടെ അവകാശങ്ങൾക്കായി ബ്രിട്ടീഷുകാർക്കെതിരെ ബിർസ മുണ്ട നടത്തിയ പോരാട്ടത്തിലാണ് വിപ്ലവം എന്നർഥം വരുന്ന ‘ഉൽഗുലാൻ’ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ഈ പേരിലാണ് റാലി സംഘടിപ്പിച്ചത്. ജയിലിൽ കെജ്രിവാളിന് ഇൻസുലിൻ നിഷേധിക്കുന്നത് അവിശ്വസനീയമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും റാലിയെ അഭിസംബോധന ചെയ്ത സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു. ഇൻസുലിൻ നിഷേധം മൗലികാവകാശ പ്രശ്നമായി ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻസുലിൻ നിഷേധിച്ച് തന്റെ ഭർത്താവിനെ ജയിലിൽവെച്ച് കൊല്ലാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് സുനിത കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയുടെ ഏകാധിപത്യത്തിനെതിരെ ഇന്ത്യാ സംഘം ശക്തമായി പോരാടുകയും വിജയം നേടുകയും ചെയ്യും. ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനാണ് തന്റെ ഭർത്താവിനെ ജയിലിലടച്ചതെന്നും അദ്ദേഹത്തിനെതിരെ ഒരു കുറ്റവും തെളിയിക്കാനായില്ല. കെജ്രിവാളിന്റെ ഭക്ഷണംപോലും നിരീക്ഷിക്കപ്പെടുന്നു. 12 വർഷമായി അദ്ദേഹത്തിന് ദിവസം 50 യൂനിറ്റ് ഇൻസുലിൻ ആവശ്യമാണ്. എന്നാൽ, ജയിലിൽ ഇൻസുലിൻ ലഭ്യമാക്കുന്നില്ല. രാജ്യത്തെ സേവിക്കാൻ മാത്രമാണ് കെജ്രിവാൾ ആഗ്രഹിക്കുന്നത് -സുനിത പറഞ്ഞു. ജെ.എം.എം നേതാവ് ഷിബു സോറൻ, ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു. പ്രഭാത് താര ഗ്രൗണ്ടിൽ സംഘടിപ്പിച്ച റാലിയിൽ ഇൻഡ്യ സംഖ്യത്തിലെ 28 കക്ഷികളാണ് സംബന്ധിച്ചത്.
അസുഖമായതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാറാലിയിൽ പങ്കെടുത്തില്ല. ഝാർഖണ്ഡിലെ റാഞ്ചിയിലും മധ്യപ്രദേശിലെ സത്നയിലും ഇൻഡ്യയുടെ തെരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ പങ്കെടുക്കേണ്ടതായിരുന്നുവെന്നും എന്നാൽ അസുഖബാധിതനായതിനാൽ ഡൽഹിയിൽനിന്ന് യാത്ര തിരിക്കാനായില്ലെന്നും കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.