ഇന്ത്യയിൽ കോവിഡ് മരണം 47 ലക്ഷമെന്ന് ലോകാരോഗ്യ സംഘടന; തള്ളി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണം സർക്കാറിന്റെ ഔദ്യോഗിക കണക്കിനേക്കാൾ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന. കുറഞ്ഞത് 47 ലക്ഷം പേർ ഇന്ത്യയിൽ മരിച്ചിട്ടുണ്ടാകുമെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
മരണസംഖ്യ 5.24 ലക്ഷം മാത്രമാണെന്നാണ് കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക നിലപാട്. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ നല്ലൊരുഭാഗവും കണക്കിൽപെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ തള്ളിയ കേന്ദ്ര സർക്കാർ, അവർ ഉപയോഗിച്ച കണക്കുകൂട്ടൽ മാതൃകകളുടെ വിശ്വാസ്യത സംശയാസ്പദമാണെന്ന് ആരോപിച്ചു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലോകമെങ്ങും ഒന്നരകോടി മനുഷ്യർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. വിവിധ രാജ്യങ്ങൾ നൽകുന്ന കണക്കുകൾ പ്രകാരം 60 ലക്ഷം മാത്രമാണ് മരണം. ഈ കണക്കുകൾ ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
കൊറോണ വൈറസ് ബാധയാലോ കോവിഡ് കാരണം ആരോഗ്യ സംവിധാനങ്ങൾ ക്ഷീണിച്ചതിനാലോ കുറഞ്ഞത് 1.5 കോടി പേർ മരിച്ചിട്ടുണ്ട്. ഈ മരണത്തിലേറെയും ഇന്ത്യ ഉൾപ്പെടുന്ന തെക്ക് കിഴക്കൻ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമാണ്. അതിൽതന്നെ ഏറ്റവും കൂടുതൽ മരണം ഇന്ത്യയിലാണ്. 47 ലക്ഷം. ആകെ മരണത്തിന്റെ മൂന്നിലൊന്നും.
മഹാമാരിയുടെ ആഘാതം വ്യക്തമാക്കുന്നതാണ് ഈ സങ്കടകരമായ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദ്നം ഗബ്രിസ്യൂസ് പറഞ്ഞു. കൂടുതൽ കാര്യക്ഷമമായ ആരോഗ്യ സംവിധാനങ്ങൾ ഒരുക്കുന്നതിനായി പണമിറക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണിത്. പ്രതിസന്ധി ഘട്ടങ്ങളിൽ തകരാത്ത സുസ്ഥിര സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കോവിഡ് കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ മരണം നടന്ന രാജ്യം ഇന്ത്യയാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കേന്ദ്രസർക്കാർ തള്ളി. മരണങ്ങളുടെ പെരുപ്പിച്ച കണക്കാണിത്. വിവര ശേഖരണത്തിന് ഉപയോഗിച്ച ഗണിതശാസ്ത്ര രീതിയും സംശയാസ്പദമാണ്.
സംസ്ഥാനങ്ങളുടെ സഹായത്തോടെ ജനന-മരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഇന്ത്യക്ക് സ്വന്തമായ സിവിൽ രജിസ്ട്രേഷൻ സംവിധാനമുണ്ട്. അതനുസരിച്ച് തയാറാക്കിയ കണക്കുകൾ പ്രകാരം 2021ൽ തൊട്ടു മുൻവർഷത്തേക്കാൾ 4.74 ലക്ഷം കൂടുതൽ മരണങ്ങളാണ് ഉണ്ടായത്. 2019ൽ 6.90 ലക്ഷമായിരുന്നു കൂടുതൽ. 2018ൽ 4.86 ലക്ഷമാണെന്നും സർക്കാർ വിശദീകരിച്ചു.
മരണം പകുതിയും ചികിത്സ കിട്ടാതെ
ന്യൂഡൽഹി: കോവിഡിന്റെ തുടക്ക വർഷമായ 2020ൽ ഇന്ത്യയിൽ സംഭവിച്ച മരണങ്ങളിൽ പകുതിയോളം വൈദ്യപരിചരണം കിട്ടാതെയെന്ന് വെളിപ്പെടുത്തൽ. 37 ലക്ഷം പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ തയാറാക്കിയ ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരം. 2020ൽ ഇന്ത്യയിൽ മരിച്ചത് 82 ലക്ഷം പേരാണ്.
ഇതിൽ 45 ശതമാനത്തിനും മരണസമയത്ത് ചികിത്സ കിട്ടിയില്ലെന്ന് കണക്ക് വ്യക്തമാക്കുന്നു. വൈദഗ്ധ്യം നേടിയവരുടെ പരിചരണം കിട്ടിയത് 1.3 ശതമാനത്തിനു മാത്രം. 2020ൽ കോവിഡ് ബാധിച്ച് എത്ര പേർ മരിച്ചുവെന്ന്, രജിസ്റ്റർ ചെയ്ത മരണങ്ങൾ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ ഈ കണക്കുകളിൽ പറയുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2020ൽ 1.48 ലക്ഷം പേരാണ് കോവിഡ് മൂലം മരിച്ചത്.
തൊട്ടടുത്ത വർഷത്തെ മരണസംഖ്യ 3.32 ശതമാനമാണ്. 34 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ചതാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, സിക്കിം എന്നിവിടങ്ങളിൽനിന്ന് കിട്ടിയത് ഭാഗിക വിവരങ്ങളായതിനാൽ ഇക്കൂട്ടത്തിൽ ചേർത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.