വ്യാജ പാസ്‌പോർട്ടുമായി ഇന്ത്യയിലെത്തിയാൽ ഇനി ശിക്ഷ കടുക്കും, കനത്ത പിഴയും; ഇമിഗ്രേഷൻ ബില്ലിൽ വ്യവസ്ഥകളേറെ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പ്രവേശിക്കാനോ താമസിക്കാനോ പുറത്തുകടക്കാനോ വ്യാജ പാസ്‌പോർട്ടോ വിസയോ ഉപയോഗിച്ചാൽ ഏഴുവർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മാർച്ച് 11ന് ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ഇമിഗ്രേഷൻ ബില്ലിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കുറഞ്ഞ ശിക്ഷ രണ്ടുവർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയുമാണ്.
നിയമവ്യവസ്ഥകളോ ഏതെങ്കിലും ചട്ടമോ ഉത്തരവോ ലംഘിച്ച്, സാധുവായ പാസ്‌പോർട്ടോ മറ്റ് യാത്രാരേഖയോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ചുവർഷം വരെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയും ശിക്ഷ ലഭിക്കും.
ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിലെത്തുന്ന വിദേശികളെക്കുറിച്ച് നിർബന്ധമായി റിപ്പോർട്ട് ചെയ്യണം. എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പലുകളും മറ്റ് ഗതാഗത മാർഗങ്ങളിൽ ഇന്ത്യയിലെത്തുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ മുൻകൂട്ടി നൽകണം.
ഏതെങ്കിലും വിദേശികൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും അടച്ചുപൂട്ടാൻ ഉടമയോട് നിർദേശിക്കാനും വ്യവസ്ഥയുണ്ട്. 1920ലെ പാസ്‌പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939ലെ വിദേശികളുടെ രജിസ്ട്രേഷൻ നിയമം, 1946ലെ വിദേശികളുടെ നിയമം, 2000ലെ ഇമിഗ്രേഷൻ നിയമം എന്നിവക്ക് പകരമാണ് പുതിയ ബിൽ. ബിൽ നിയമമാകുന്നതോടെ ഈ നാല് നിയമങ്ങൾ റദ്ദാക്കും. ചില പുതിയ വ്യവസ്ഥകളും ഇതിലുണ്ട്. അതേസമയം, പൗരത്വവുമായി ബന്ധപ്പെട്ട ഒരു കാര്യവും ബിൽ പരിഗണിച്ചിട്ടില്ല. ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനും ഇന്ത്യക്കുള്ളിൽ കാലാവധി കഴിഞ്ഞ വിദേശികൾ തുടരുന്നത് തടയാനും ബിൽ സഹായിക്കും.
വിദേശത്തുള്ള ഇന്ത്യൻ മിഷനുകളോ പോസ്റ്റുകളോ വഴി വിദേശികൾക്ക് എല്ലാ വിഭാഗങ്ങളിലുമുള്ള ഇന്ത്യൻ വിസകൾ അനുവദിക്കാമെങ്കിലും, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വഴി 167 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏഴ് വിഭാഗങ്ങളിലായി ഇലക്ട്രോണിക് വിസകൾ അനുവദിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഉപാധികളോടെ ആറ് നിയുക്ത വിമാനത്താവളങ്ങളിൽ വിസ-ഓൺ-അറൈവലിനും അവസരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.