ഇന്ത്യയാണ് ഇപ്പോൾ എന്റെ എല്ലാം; ഇനിയുള്ള ജീവിതം ഇവിടെ -പബ്ജി വഴി യു.പി സ്വദേശിയുമായി പ്രണയത്തിലായ പാക് യുവതി
text_fieldsലഖ്നോ: ജാമ്യം ലഭിച്ച ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇന്ത്യയിലെ സച്ചിൻ മീണയും പാകിസ്താന്റെ സീമ ഹൈദറും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. കേസ് തീരും വരെ താമസസ്ഥലം മാറരുതെന്നും ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇവർക്ക് ജാമ്യം നൽകിയത്. ഏതാനും ദിവസം മുമ്പാണ് നാലു കുട്ടികളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമയെ ജൂലൈ നാലിനാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർക്ക് അഭയം നൽകിയതിനാലാണ് സച്ചിൻ അറസ്റ്റിലായത്. കാമുകനായ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണക്കൊപ്പം താമസിക്കാനാണ് സീമ കുട്ടികളുമായി നേപ്പാൾ വഴി ഇന്ത്യയിലെത്തിയത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടെത്.
''എന്റെ ഭർത്താവ് ഹിന്ദുവാണ്. അതിനാൽ ഞാനും ഹിന്ദുവായി. ഇപ്പോൾ ഇന്ത്യക്കാരിയായ പോലെയാണ് തോന്നുന്നത്-സീമ എൻ.ഡി.ടി.വിയോട് പറഞ്ഞു. കോവിഡ് കാലത്ത് പബ്ജി കളിച്ചാണ് 25 വയസുള്ള സച്ചിനും 30 വയസുള്ള സീമയും പ്രണയത്തിലായത്. സച്ചിൻ പലചരക്കു കടയിലെ ജീവനക്കാരനാണ്. ഈ വർഷം നേപ്പാളിൽ വെച്ച് വിവാഹവും കഴിച്ചു. അന്നായിരുന്നു ആദ്യമായി കാണുന്നതു പോലും.
''ദുർഘടമായ യാത്രയാണ് ഞങ്ങൾ പിന്നിട്ടത്. എനിക്ക് വളരെ പേടിയുണ്ടായിരുന്നു. ആദ്യം കറാച്ചിയിൽ നിന്ന് ദുബൈയിലെത്തുകയായിരുന്നു. അവിടെ ഞങ്ങൾ 11 മണിക്കൂറോളം ഉറങ്ങാതെ കാത്തിരുന്നു. പിന്നീട് നേപ്പാളിലേക്ക് പറന്നു. ഒടുവിൽ പൊഖ്റാനിലെത്തി. അവിടെ വെച്ചാണ് സച്ചിനെ കണ്ടത്.''-സീമ പറഞ്ഞു. അതിനു ശേഷം സീമ പാകിസ്താനിലേക്കും സച്ചിൻ ഇന്ത്യയിലേക്കും മടങ്ങി. സീമയുടെ ഭർത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ നാലുവർഷമായി ഭർത്താവിനെ കണ്ടിട്ടേയില്ലെന്നാണ് യുവതി പറയുന്നത്. ഭർത്താവ് ഇവരെ പതിവായി ഉപദ്രിക്കുമായിരുന്നുവത്രെ. മടങ്ങിയെത്തിയ സീമ പാകിസ്താനിലെ വീടും സ്ഥലവും 12 ലക്ഷം രൂപക്ക് വിറ്റു. ഈ പണമുപയോഗിച്ചായിരുന്നു സീമയുടെയും കുട്ടികളുടെയും വിമാനയാത്ര.
മേയിൽ വീണ്ടും ദുബൈ വഴി നേപ്പാളിലെത്തി. അവിടത്തെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ കുറച്ച് സമയം ചെലവഴിച്ചു. പിന്നീട് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് ബസിൽ തിരിച്ചു. മേയ് മൂന്നിന് ഗ്രേറ്റർ നോയ്ഡയിലെത്തി. അവർക്ക് താമസസൗകര്യവും ഒരുക്കി സച്ചിൻ കാത്തിരിപ്പുണ്ടായിരുന്നു. സീമയുടെ പാക് പൗരത്വം ആരോടും വെളിപ്പെടുത്തിയില്ല.
വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് അഭിഭാഷകനെ സമീപിച്ചപ്പോഴാണ് സീമയുടെ പാക് പൗരത്വം പുറത്തായത്. പാക് യുവതി അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന വിവരം അഭിഭാഷകൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ജൂലൈ നാലിന് അറസ്റ്റിലായതോടെയാണ് ഇവരുടെ അതിർത്തി കടന്നുള്ള പ്രണയം ലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.