'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്താണ്'; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ
text_fieldsന്യൂയോർക്ക്: യു.എൻ ജനറൽ അസംബ്ലിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. 77-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നതായി മന്ത്രി പറഞ്ഞു. ഞങ്ങൾ ആരുടെ പക്ഷത്താണെന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങളുടെ ഉത്തരം വളരെ സത്യസന്ധമായിരുന്നു. ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത് ഉറച്ച് നിൽക്കുന്നു- ജയശങ്കർ പറഞ്ഞു. യു.എനിനെയും അതിന്‍റെ സ്ഥാപക തത്വങ്ങളെയും ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ഭക്ഷണം, ഇന്ധനം, എന്നിവയുടെ വില വർധനവിന് കാരണമായി. ഇതിലൂടെ ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ പക്ഷത്താണ് ഞങ്ങൾ. അതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭയിലും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച യു.എൻ ആസ്ഥാനത്ത് യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ എല്ലാ ശത്രുതകളും അവസാനിപ്പിച്ച് സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിവരണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16ന് ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് യുദ്ധത്തിന്‍റെ യുഗമല്ലെന്ന് അദ്ദേഹം പുടിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.