ഗാന്ധിയുടെ ആശയങ്ങളെ വഞ്ചിക്കുന്നവർ ഇന്ത്യ ഭരിക്കുന്നു -കോൺഗ്രസ്
text_fieldsമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിക്കുന്നു
ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ കണ്ണടയും വടിയും ഉയർത്തി അദ്ദേഹത്തിന്റെ ആശയങ്ങളെ വഞ്ചിക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോൺഗ്രസ്. ഗാന്ധിയുടെ ത്യാഗങ്ങളെ നിരാകരിക്കുകയും 2024 ജനുവരി 22ന് മാത്രമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകളാണ് രാജ്യത്തെ ഭരണസംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നത്.
77 വർഷം മുമ്പ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. നാഥുറാം ഗോദ്സെയാണ് ബാപ്പുവിനെ വെടിവെച്ചത്. എന്നാൽ, ഗോദ്സെക്ക് പ്രേരകമായി ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു.
ഡോ. അംബേദ്കറെ പരിഹസിച്ചതുപോലെ ഗാന്ധിജിയെയും പരിഹസിച്ചവരാണ് അധികാര സ്ഥാനങ്ങളിലിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യയുടെ ‘യഥാർഥ സ്വാതന്ത്ര്യം’ സ്ഥാപിക്കപ്പെട്ടുവെന്ന ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റാം രമേശിന്റെ ആക്രമണം.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആദരാഞ്ജലികൾ അർപ്പിച്ചു. സത്യം, അഹിംസ, സർവോദയ തുടങ്ങിയ ഗാന്ധിയുടെ ആശയങ്ങൾ നമ്മുടെ പാതയിൽ ഇന്നും വെളിച്ചമാണെന്ന് ഖാർഗെ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.