ഇന്ത്യ ഇസ്ലാമിക് സെന്ററിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പ്
text_fieldsന്യൂഡൽഹി: ലോധി റോഡ് ആസ്ഥാനമായ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിലേക്ക് ഞായറാഴ്ച നടന്നത് വാശിയേറിയ വോട്ടെടുപ്പ്. ബി.ജെ.പിയോട് ചായ്വുള്ള നിലവിലെ പ്രസിഡന്റ് സിറാജുദ്ദീൻ ഖുറൈശിയുടെയും കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദിന്റെയും നേതൃത്വത്തിലുള്ള പാനലുകൾക്ക് പുറമെ മൂന്ന് പാനലുകൾകൂടി മത്സരരംഗത്ത് വന്നതാണ് ഫലം പ്രവചനാതീതമാക്കിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യ ഇസ്ലാമിക് സെന്റർ നിയന്ത്രിക്കുന്ന സിറാജുദ്ദീൻ ഖുറൈശിക്ക് 75 വയസ്സ് പ്രായപരിധി കഴിഞ്ഞതോടെ ഇത്തവണ മത്സരിക്കാൻ കഴിയാതായി. മുൻ കേന്ദ്ര മന്ത്രി സൽമാൻ ഖുർശിദ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖരെ തോൽപിച്ച ഖുറൈശി ഇത്തവണ നിർത്തിയ പാനലിൽ ഡോ. മാജിദ് അഹ്മദ് ആണ് പ്രസിഡന്റ് സഥാനാർഥി. ഖുറൈശിയുടെ മകൻ സമർ ഖുറൈശി ഈ പാനലിൽ നിർവാഹക സമിതിയിലേക്കുണ്ട്. ഖുറൈശിയുടെ പക്ഷത്തുണ്ടായിരുന്ന പലരും മറുകണ്ടം ചാടിയിട്ടുണ്ടെങ്കിലും വിരുദ്ധരുടെ വോട്ടുകൾ ഭിന്നിക്കുന്നതിനാൽ തന്റെ പാനലിനെ ജയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരെ ഇന്ത്യ ഇസ്ലാമിക് സെൻററിന്റെ പരിപാടികളിലേക്ക് സിറാജുദ്ദീൻ ഖുറൈശി കൊണ്ടുവന്നതാണ് കൂടെ നിന്ന പലരെയും മറുപക്ഷത്തേക്ക് മാറാൻ പ്രേരിപ്പിച്ചത്. രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ മുൻ മാധ്യമ ഉപദേശകൻ ഡോ. എസ്.എം. ഖാൻ, ഖുറൈശി പക്ഷം വിട്ട് സൽമാൻ ഖുർശിദിനൊപ്പം ചേർന്നു. കോൺഗ്രസ് നേതാവെന്ന നിലയിൽ ഇൻഡ്യ സഖ്യത്തിലെ നേതാക്കളുമായുള്ള ബന്ധം സൽമാൻ ഖുർശിദിനെ മോദി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.
മുൻ റവന്യൂ സെക്രട്ടറി അബ്റാർ അഹ്മദ്, അഫ്സൽ അമാനുല്ല, ആസിഫ് ഹബീബ് എന്നിവർ നയിക്കുന്ന മറ്റു മൂന്ന് പാനലുകൾ പിടിക്കുന്ന വോട്ടുകൾ ഫലം നിർണയിക്കും. വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.