ഉപതെരഞ്ഞെടുപ്പിൽ തിളങ്ങി ഇൻഡ്യ കക്ഷികൾ
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ കക്ഷികൾക്ക് തിളക്കമാർന്ന ജയം. 13 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇൻഡ്യ കക്ഷികൾ 10 സീറ്റ് നേടി. ശേഷിക്കുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പിയും ഒന്നിൽ സ്വതന്ത്രനും ജയിച്ചു. പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങളിലും ഹിമാചലിലെ മൂന്നിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും പഞ്ചാബ്, മധ്യപ്രദേശ്, ബിഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഓരോയിടങ്ങളിലുമായിരുന്നു തെരഞ്ഞെടുപ്പ്.
പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിലെ മൊഹീന്ദർ ഭഗത് ജലന്ദർ വെസ്റ്റിൽ ജയിച്ചു. ബി.ജെ.പി സ്ഥാനാർഥി ശീതൾ അങ്കുരാളിനെയാണ് 37,325 വോട്ടിന് പരാജയപ്പെടുത്തിയത്. മാർച്ചിൽ അങ്കുരാൾ ‘ആപ്’ വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം ‘ആപ്’ സർക്കാറിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.
തമിഴ്നാട് വിക്കിരവാണ്ടി മണ്ഡലം ഡി.എം.കെ നിലനിർത്തി. ഇവിടെ അണ്ണിയൂർ ശിവ 67,757 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഡി.എം.കെ സഖ്യം 1,24,053 വോട്ടുകൾ നേടിയപ്പോൾ എൻ.ഡി.എ 56,296 വോട്ടുകൾ നേടി. ‘നാം തമിഴർ’ കക്ഷിയുടെ ഡോ. അഭിനയ 10,602 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും കെട്ടിവെച്ച പണം പോയി. ഭരണകക്ഷിയായ ഡി.എം.കെ അരാജകത്വമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. എൻ.ഡി.എ സഖ്യത്തിലെ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) ഉപാധ്യക്ഷൻ സി. അൻപുമണിയാണ് മത്സരിച്ചത്. ഡി.എം.കെ എം.എൽ.എ പുകഴേന്തി മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളിൽ നാലിടത്തും തൃണമൂൽ കോൺഗ്രസ് ജയിച്ചു. റായ്ഗഞ്ച് മണ്ഡലത്തിൽ കൃഷ്ണ കല്യാണി ബി.ജെ.പിയിലെ മാനസ് കുമാർ ഘോഷിനെ 50,077 വോട്ടിനും റാണാഘട്ട് ദക്ഷിണിൽ മുകുത് നാമി അധികാരി ബി.ജെ.പിയുടെ മനോജ് കുമാർ ബിശ്വാസിനെ 74,485 വോട്ടിനും പരാജയപ്പെടുത്തി. ബഗ്ഡയിൽ മധുപർണ ഠാകുർ ബി.ജെ.പിയുടെ ബിനയ് കുമാർ ബിശ്വാസിനെ 74,251 വോട്ടുകൾക്ക് തറപറ്റിച്ചു. മണിക്തല മണ്ഡലത്തിൽ സുപ്തി പാണ്ഡെ ബി.ജെ.പിയുടെ കല്യാൺ ചൗബിയെ 62,312 വോട്ടിനാണ് തോൽപിച്ചത്.
ഹിമാചൽ പ്രദേശിലെ ദേഹ്റ മണ്ഡലത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവിന്റെ ഭാര്യ കോൺഗ്രസിലെ കമലേശ് ഠാകുർ ബി.ജെ.പിയുടെ ഹോഷിയാർ സിങ്ങിനെ 9,399 വോട്ടുകൾക്ക് പരാജയപ്പെടുത്തി. നലഗഡിൽ കോൺഗ്രസിലെ ഹർദീപ് സിങ് ബാവ ബി.ജെ.പിയുടെ കെ.എൽ. ഠാകുറിനെ 25,618 വോട്ടിന് തോൽപിച്ചു. ഹാമിർപുരിൽ ബി.ജെ.പിയുടെ ആശിഷ് ശർമ കോൺഗ്രസിലെ പുഷ്പിന്ദർ വർമയെ പരാജയപ്പെടുത്തി. ആശിഷ് 27,041 വോട്ടും പുഷ്പിന്ദർ 25,470 വോട്ടും നേടി.
ഉത്തരാഖണ്ഡിലെ ബദ്രീനാഥിൽ കോൺഗ്രസിലെ ലഖാപത് സിങ് ബുടോലയും മംഗ്ലൗറിൽ ഖാദി മുഹമ്മദ് നിസാമുദ്ദീനും ജയിച്ചു. ബുടോല മുൻ മന്ത്രിയും എം.എൽ.എയുമായ രാജേന്ദ്ര സിങ് ഭണ്ഡാരിയെ 5224 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നിസാമുദ്ദീൻ ബി.ജെ.പിയിലെ കർതർ സിങ് ഭാദനയെ 422 വോട്ടിന് തോൽപിച്ചു.
മധ്യപ്രദേശിൽ ബി.ജെ.പിയുടെ കംശ്ലേഷ് പ്രതാപ് ഷാ കോൺഗ്രസിലെ ധീരൻ സാഹ് ഇൻവതിയെ 3027 വോട്ടിന് തോൽപിച്ച് അമർവാര മണ്ഡലത്തിൽനിന്ന് ജയിച്ചു. ബിഹാറിൽ ജെ.ഡി-യുവിലെ കലാധർ പ്രസാദ് മണ്ഡലിനെ 8000ത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് സ്വതന്ത്രനായ ശങ്കർ സിങ് ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.