ഇന്ത്യ ചന്ദ്രനിൽ ഇറങ്ങി, നമ്മളോ...?; നാഷണൽ അസംബ്ലിയിൽ ചോദ്യവുമായി പാക് നേതാവ്
text_fieldsഇസ്ലാമാബാദ്: ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്താനിലെ കറാച്ചിയുടെ അവസ്ഥയും താരതമ്യം ചെയ്ത് മുത്തഹിദ ക്വാമി മൂവ്മെന്‍റ് പാകിസ്താൻ (എം.ക്യു.എം-പി) നേതാവ് സെയ്ദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ, തുറന്ന ഓടകളിൽ വീണ് കുട്ടികൾ മരിക്കുന്നതാണ് കറാച്ചിയിൽ നിന്നുള്ള വാർത്തയെന്ന് സെയ്ദ് മുസ്തഫ കമാൽ പാക് നാഷണൽ അസംബ്ലിയിൽ ചൂണ്ടിക്കാട്ടി.
ലോകം ചന്ദ്രനിലേക്ക് പോകുമ്പോൾ കറാച്ചിയിൽ കുട്ടികൾ ഗട്ടറിൽ വീണ് മരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. അതേ സ്‌ക്രീനിൽ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയെന്ന വാർത്തയുണ്ട്. കറാച്ചിയിലെ തുറന്ന ഓടയിൽ ഒരു കുട്ടി മരിച്ചു എന്നാണ് രണ്ട് സെക്കന്‍റിനുള്ളിലെ വാർത്ത -സെയ്ദ് മുസ്തഫ കമാൽ വ്യക്തമാക്കി.
2023 ആഗസ്റ്റിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ലോക ചരിത്രം തിരുത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ കരസ്ഥമാക്കി. ഈ നേട്ടത്തെയാണ് പാക് ഖജനാവിന് ഏറ്റവും കൂടുതൽ വരുമാനം സംഭാവന നൽകുന്ന കറാച്ചിയുടെ നിലവിലെ അവസ്ഥയുമായി പാക് നാഷണൽ അസംബ്ലി അംഗം താരതമ്യം ചെയ്തത്.
കറാച്ചി പാകിസ്താന്‍റെ വരുമാനത്തിന്‍റെ എഞ്ചിനാണ്. പാകിസ്താന്‍റെ തുടക്കം മുതൽ പ്രവർത്തിക്കുന്ന രണ്ട് തുറമുഖങ്ങളും കറാച്ചിയിലാണ്. കറാച്ചി പാകിസ്താനിലേക്കും മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള കവാടവുമാണ്. 15 വർഷമായി കറാച്ചിക്ക് അൽപം ശുദ്ധജലം പോലും നൽകിയില്ല. എത്തിച്ച വെള്ളം പോലും ടാങ്കർ മാഫിയ പൂഴ്ത്തിവെച്ച് കറാച്ചിയിലെ ജനങ്ങൾക്ക് വിൽക്കുകയാണെന്നും മുസ്തഫ കമാൽ ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, വർധിച്ച് വരുന്ന കടം എന്നിവയിൽ പാകിസ്താന്‍റെ നിലവിലെ സാഹചര്യം വളരെ മോശമാണ്. രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ.എം.എഫ്) നിന്ന് പുതിയ വായ്പാ പദ്ധതി തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.