നിർണായക ‘ഇന്ത്യ’ യോഗം ഇന്ന്; 62 പ്രതിനിധികൾ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കും
text_fieldsമുംബൈ: പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ യുടെ (Indian National Developmental Inclusive Alliance) നിർണായക യോഗം ഇന്ന് മുംബൈയിൽ നടക്കും. പ്രധാനമന്ത്രി പ്രഖ്യാപനം, ഏകോപനസമിതി, സഖ്യത്തിന്റെ കൺവീനർ, സീറ്റ് വിഭജനം, ലോഗോ, സഖ്യത്തിന്റെ ആസ്ഥാനം തുടങ്ങി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുളള സുപ്രധാന തീരുമാനങ്ങൾ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്. ‘ഇന്ത്യ’യുടെ മൂന്നാമത്തെ യോഗമാണ് മുംബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് യോഗം.
നേരത്തേ, ആദ്യ രണ്ട് യോഗങ്ങള്‍ പട്‌നയിലും ബെംഗളൂരുവിലുമായി നടന്നിരുന്നു. മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ലോഗോ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോഗോയുടെ പ്രകാശനം. എൻ.ഡി.എക്കെതിരെ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിശദചർച്ചക്ക് വിധേയമാക്കും. പ്രതിപക്ഷസഖ്യത്തിന്റെ വക്താവ് ആരെന്നതും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഏകോപന സമിതിയില്‍ 11 പേര്‍ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജെ.ഡി.യു, ആര്‍ജെ.ഡി, ശിവസേന (യു.ബി.ടി), എന്‍സി.പി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം എന്നിവയില്‍ നിന്ന് ഓരോ അംഗം വീതമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്‍വീനറാക്കാനായിരുന്നു തീരുമാനമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. നിതീഷ് കുമാര്‍ അത് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ചതാണ്. സംസ്ഥാനതലത്തിലെ സീറ്റ് വിഭജനം ഇന്ന് ചര്‍ച്ചയായേക്കും. സഖ്യത്തിന്റെ ആസ്ഥാനം എവിടെയായിരിക്കും കാര്യത്തിലും മുംബൈ യോഗത്തില്‍ അന്തിമ ധാരണയിലെത്തും. സഖ്യത്തിന്റെ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ സാധ്യത.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം), എൻ.സി.പി (ശരദ് പവാര്‍ വിഭാഗം), സി.പി.ഐ, സി.പി.ഐ.എം, ജെ.ഡി.യു, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആർ.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ്, എന്നിവയുള്‍പ്പെടെ 26 പാര്‍ട്ടികളാണ് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലുള്ളത്. 62 പ്രതിനിധികൾ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.