വോട്ടർപട്ടിക ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ
text_fields
ന്യൂഡൽഹി: ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കായി വോട്ടർപട്ടിക ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വോട്ടർ പട്ടികയിലെ അപാകത ഒഴിവാക്കുകയും പട്ടികക്ക് ഐകരൂപ്യം കൊണ്ടുവരുകയുമാണ് ഉദ്ദേശ്യം. നിലവിൽ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് തെരഞ്ഞെടുപ്പ് കമീഷനും തദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുമാണ് വോട്ടർ പട്ടിക തയാറാക്കുന്നതും വോട്ടെടുപ്പ് നടത്തുന്നതും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. വോട്ടർ പട്ടിക ഏകീകരിക്കുന്നത് ചർച്ച ചെയ്യാൻ ആഗസ്റ്റ് 13ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നിരുന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലെജിസ്ലേറ്റിവ് സെക്രട്ടറി ജി. നാരായണ രാജു, പഞ്ചായത്തീരാജ് സെക്രട്ടറി സുനില്‍ കുമാര്‍, തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നുള്ള മൂന്ന് പ്രതിനിധികള്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. വോട്ടർ പട്ടികയെ ചൊല്ലിയുള്ള പരാതികൾ കുറക്കാനും രണ്ടുതവണ പട്ടിക തയാറാക്കുന്നതിെൻറ ചെലവ് ഇല്ലാതാക്കാനും ഇതുവഴി സാധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പട്ടികയിൽനിന്ന് പേര് ഒഴിവാകുന്നത് സ്ഥിരം പരാതിയാണ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പൊതു വോട്ടര്‍ പട്ടിക. ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് പൊതുവോട്ടർ പട്ടിക. വോട്ടര്‍പട്ടിക ഏകീകരിക്കാന്‍ ഭരണഘടനയുടെ 243 കെ, 243 ഇസഡ് വകുപ്പുകള്‍ ഭേദഗതി ചെയ്യുകയും അതുവഴി സംസ്ഥാനങ്ങളിലെ കേന്ദ്രം തയാറാക്കുന്ന വോട്ടര്‍ പട്ടിക അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാക്കുക അല്ലെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തയാറാക്കുന്ന വോട്ടര്‍പട്ടിക തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും അംഗീകരിക്കാന്‍ സംസ്ഥാനങ്ങളെ സമ്മതിപ്പിക്കുക, മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നിയമത്തില്‍ അതിനനുസൃതമായ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയവയായിരുന്നു യോഗത്തിലെ പ്രധാന നിർദേശങ്ങൾ. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തയാറാക്കുന്ന വോട്ടര്‍പട്ടിക സംബന്ധിച്ച് സംസ്ഥാനങ്ങളുടെ തീരുമാനം അറിയാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.