ഇത് പുതിയ നേപ്പാളാണ്
text_fieldsപുതിയ നേപ്പാൾ ഭൂപടത്തിെൻറ രൂപത്തിൽ പുകയുന്നത് യഥാർഥത്തിൽ അവിടത്തെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും ചൈനയുടെ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങളും. കെ.പി. ശർമ ഓലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാറിന് ദിനംപ്രതി ജനപിന്തുണ കുറഞ്ഞുവരികയാണ്, പ്രതിപക്ഷ ചെറുത്തുനിൽപ് വേറെയും. ഈ പ്രതിസന്ധിയാണ് സർക്കാർ വിദഗ്ധമായി പുതിയ ഭൂപടമായി വികസിപ്പിച്ചെടുത്തത്.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അപകടം പിടിച്ച ഘട്ടത്തിൽ’ എത്തിയെന്നാണ് 2008-2011 കാലത്ത് നേപ്പാളിലെ ഇന്ത്യൻ അംബാസഡറായിരുന്ന രാകേഷ് സൂദ് വിശേഷിപ്പിക്കുന്നത്. അതിർത്തിയിെല ഭൂപ്രദേശവുമായി ബന്ധപ്പെട്ട ഭിന്നതയെ, പുതിയ ഭൂപടം തയാറാക്കിയതിലൂടെ നേപ്പാൾ തർക്കപ്രശ്നമായി മാറ്റിയിരിക്കുന്നു, ഒരുപക്ഷെ, ധാരണയിലെത്താൻ കഴിയാത്ത വിധം; അദ്ദേഹം പറഞ്ഞു. സമീപകാലത്ത് നേപ്പാളിലെ ചൈനീസ് സ്വാധീനം വർധിച്ചിട്ടുണ്ടെങ്കിലും, പുതിയ ഭൂപടം അടക്കമുള്ള വിഷയങ്ങളിൽ ചൈനയുടെ പിന്തുണയുണ്ടെന്ന് പറയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2015ൽ നേപ്പാളിനെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്, ഇന്ത്യ- ചൈന ബന്ധത്തെയും ബാധിച്ചു. അന്നുമുതൽ, നേപ്പാളിലേക്ക് ചൈനയുടെ സാമ്പത്തിക സഹായം ഒഴുകുകയാണ്. ചൈനയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നിർമിച്ച് പെട്രോളിയം അടക്കമുള്ള ഉൽപന്നങ്ങൾ ചൈന നിർലോഭം നൽകി. കാഠ്മണ്ഡുവിനെയും തിബറ്റിലെ ഷിങാട്സെയെയും ബന്ധിപ്പിക്കുന്ന റെയിൽവേ നെറ്റ്വർക്കിന് ചൈന പദ്ധതിയിടുകയാണ്. നേപ്പാളിനെ ഇതുവരെയുള്ളതിൽനിന്ന് വ്യത്യസ്തമായി തന്ത്രപൂർവം കൈകാര്യം ചെയ്യേണ്ട സമയമായി എന്നാണ് നയതന്ത്ര വിദഗ്ധൻ പ്രഫ. എസ്.ഡി. മുനി പറയുന്നത്. ‘ഇത് പുതിയ നേപ്പാളാണ്. ജനസംഖ്യയിൽ 65 ശതമാനത്തിലേറെയും യുവാക്കൾ. അവർക്ക് ഇന്ത്യയുമായുള്ള ബന്ധത്തിെൻറ ഭൂതകാലം അറിയില്ല. അവർക്ക് ആഗ്രഹങ്ങളുണ്ട്, അതിന് ഇന്ത്യ അനിവാര്യമല്ല എന്നവർ വിശ്വസിക്കുന്നു’’; അദ്ദേഹം പറഞ്ഞു.
ആഭ്യന്തര രാഷ്ട്രീയ പ്രശ്നത്തിൽനിന്ന് രക്ഷപ്പെടാനുള്ള പ്രധാനമന്ത്രി ഒാലിയുടെ നീക്കമാണ് പ്രശ്നത്തിനിടയാക്കിയതെന്ന് മുൻ അംബാസഡർ രഞ്ജിത്ത് റേ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി, കോവിഡ് കൈകാര്യം ചെയ്തതിെല പിഴവുകൾ എന്നിവ മൂലം ഓലി പ്രതിക്കൂട്ടിലാണ്. ഓലിക്കെതിരെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ എതിർപ്പുണ്ട്, നേതൃമാറ്റമുണ്ടാകുമെന്നും പറയുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയുമായി ചർച്ച സാധ്യമാണെങ്കിൽ പോലും ഓലി, പുതിയ ഭൂപടവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭൂപടം നിലവിൽ വന്നാൽ അത് സ്ഥിതി രൂക്ഷമാക്കുമെന്ന് അദ്ദേഹത്തിന് അറിയാം. കോവിഡ് പ്രതിസന്ധിക്കുശേഷം ചർച്ച തുടരാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചിരുന്നു. 1997 മുതൽ നിലവിലുള്ള പ്രശ്നത്തിൽ ഏതാനും മാസങ്ങൾ കൂടി കാത്തിരുന്നാൽ ഒന്നും സംഭവിക്കുമായിരുന്നില്ല, രഞ്ജിത്ത് റേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.