Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പിന്നോട്ടു...

'പിന്നോട്ടു സഞ്ചരിക്കുന്ന വിമാനം പോലെ ഇന്ത്യ തകരുകയാണ്' - മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ തുറന്നടിച്ച് അരുന്ധതി റോയ്

text_fields
bookmark_border
പിന്നോട്ടു സഞ്ചരിക്കുന്ന വിമാനം പോലെ ഇന്ത്യ തകരുകയാണ് -  മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ തുറന്നടിച്ച് അരുന്ധതി റോയ്
cancel
Listen to this Article

ന്യുഡൽഹി: രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെയും സാമൂഹിക തകർച്ചയെയും കുറിച്ച് തുറന്നടിച്ച് ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ്. ജനങ്ങളുടെ ജാതി, മത, വർഗ, ലിംഗ, വംശത്തിനനുസരിച്ച് രൂപകൽപന ചെയ്ത പ്രത്യേക നിയമങ്ങളാണ് ഇന്ന് രാജ്യത്ത് പ്രയോഗിക്കപ്പെടുന്നതെന്ന് അവർ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകൻ ജി.എൻ. സായിബാബ എഴുതിയ 'എന്തുകൊണ്ടാണ് നിങ്ങൾ എന്റെ വഴിയെ ഇത്ര ഭയക്കുന്നത്?' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അവർ.

സമ്പത്തിന്‍റെയും ഭൂമിയുടെയും പുനർവിതരണത്തിനായി 1960കളിൽ 'യഥാർത്ഥ വിപ്ലവ പ്രസ്ഥാനങ്ങൾക്ക്' നേതൃത്വം നൽകിയ ഇന്ത്യ ഇന്ന് ഒരുപാട് പിന്നിലേക്ക് പോയെന്ന് അരുന്ധതി റോയ് പറഞ്ഞു. ഇന്ന് നേതാക്കൾ അഞ്ച് കിലോ അരിയും ഒരു കിലോ ഉപ്പും വിതരണം ചെയ്ത് വോട്ട് തേടുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയുമാണ് ചെയ്യുന്നതെന്ന് റോയ് കുറ്റപ്പെടുത്തി.

'അടുത്തിടെ ഞാൻ എന്റെ ഒരു പൈലറ്റ് സുഹൃത്തിനോട് ചോദിച്ചു, നിങ്ങൾക്ക് വിമാനം പിന്നിലേക്ക് പറത്താൻ കഴിയുമോ? എന്‍റെ ചോദ്യം കേട്ട് അയാൾ ഉറക്കെ ചിരിച്ചു. എന്നാൽ, ഇതാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ നേതാക്കളെല്ലാം വിമാനം പിന്നിലേക്ക് പറത്താനാണ് ശ്രമിക്കുന്നത്. അതിന്‍റെ ഫലമായി നമ്മുടെ രാജ്യം വലിയൊരു തകർച്ചയിലേക്കാണ് പോകുന്നത്' -അരുന്ധതി റോയ് പറഞ്ഞു.

90 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള സായിബാബയെ ജയിലിലടച്ചതിനെക്കുറിച്ചും റോയ് ശക്തമായി പ്രതികരിച്ചു. 'അത്യാധുനിക നിയമശാസ്ത്രത്തിന്റെ' നാടായ ഇന്ത്യക്ക് അതിന്‍റെ മൂല്യങ്ങൾ നഷ്ടപ്പെട്ടുവെന്ന് അവർ പറഞ്ഞു.

സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് സായിബാബയുടെ പുസ്തകം പ്രകാശനം ചെയ്തത്. മനുഷ്യാവകാശ പ്രവർത്തകരെ അർബൻ മാവോയിസ്റ്റുകൾ, അർബൻ നക്‌സലൈറ്റുകൾ, ദേശവിരുദ്ധർ, തീവ്രവാദികൾ എന്നിങ്ങനെ മുദ്രകുത്തി ജയിലിൽ അടച്ചാൽ വിജയിക്കാമെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നതെന്നും എന്നാൽ ഇവരെ കൊന്നാലും സർക്കാറിന് പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് മോദിക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും രാജ പറഞ്ഞു. നാഗ്പുർ സെൻട്രൽ ജയിലിലെ ഏകാന്തതടവിൽ സായിബാബ അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയുംകുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ വസന്തയും ചടങ്ങിൽ സംസാരിച്ചു.

2017-ലാണ് പ്രൊഫസറായ സായിബാബക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജ്യത്തിനെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. യു.എ.പി.എ നിയമ പ്രകാരം സായിബാബ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 31 ന് അദ്ദേഹത്തെ ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജ് പ്രൊഫസർ തസ്തികയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

സ്പീക്കിംഗ് ടൈഗർ പ്രസിദ്ധീകരിച്ച ജി.എൻ. സായിബാബയുടെ പുസ്തകത്തിൽ അദ്ദേഹത്തിന്‍റെ കവിതകളും കത്തുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arundhati RoyG.N. Saibaba
News Summary - India of today ‘like plane flying backwards, headed for a crash’, says Arundhati Roy
Next Story