ഇന്ത്യ-പാക് വെടിനിർത്തൽ അതിർത്തിയിൽ സമാധാനം കൊണ്ടുവന്നു, ബന്ധം സാധാരണ നിലയിലാകുന്നതിന്‍റെ ആദ്യ ചുവടുവെപ്പ് -കരസേനാ മേധാവി
text_fieldsന്യൂഡൽഹി: നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ തുടരുന്നത് മേഖലയിൽ സമാധാനാവസ്ഥ കൈവരുന്നതിന് കാരണമായെന്ന് കരസേനാ മേധാവി എം.എം. നരവനെ. മൂന്ന് മാസമായി വെടിനിർത്തൽ തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാകാനുള്ള നീണ്ട പാതയിലെ ആദ്യ ചുവടുവെപ്പാണിതെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ കരസേനാ മേധാവി പറഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചുവെന്നല്ല വെടിനിർത്തലിലൂടെ വ്യക്തമാക്കുന്നത്. നിയന്ത്രണരേഖയിലെ തീവ്രവാദ കേന്ദ്രങ്ങളെല്ലാം പാക് സൈന്യം നശിപ്പിച്ചുവെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളിലൂം ഭീകരാക്രമണങ്ങളിലുമുണ്ടായ കുറവ് നല്ല ഒരു അയൽക്കാരനെ സൃഷ്ടിക്കാനുള്ള പാകിസ്താന്‍റെ ഉദ്ദേശ്യമാണ് കാണിക്കുന്നത്.
ഭീകരകേന്ദ്രങ്ങളെ തകർക്കുന്നതിൽ പാകിസ്താന് ശേഷിക്കുറവോ, താൽപര്യക്കുറവോ എന്തുതന്നെയാണെങ്കിലും, ഇവ ആശങ്ക ഉയർത്തുന്നതാണ്. പ്രത്യേകിച്ചും, അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ തിരിച്ചുവിളിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ തീരുമാനിച്ച സാഹചര്യത്തിൽ -നരവനെ പറഞ്ഞു.
ഫെബ്രുവരി 25നാണ് ഇരുരാജ്യങ്ങളും നിയന്ത്രണരേഖയിൽ വെടിനിർത്തലിന് ധാരണയായത്. ഇതിന് ശേഷം ഇരു സൈന്യങ്ങളുടെയും ഭാഗത്തുനിന്ന് അതിർത്തികടന്നുള്ള വെടിവെപ്പുണ്ടായിട്ടില്ല. വെടിനിർത്തൽ തുടരാൻ ഇന്ത്യ ഒരുക്കമാണെന്നും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മുന്നോട്ടുനയിക്കുമെന്നും കരസേനാ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.