ആണവ വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആണവോർജ സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക പരസ്പരം കൈമാറി. ആണവ ആക്രമണങ്ങളിൽനിന്ന് ഇരു രാജ്യങ്ങളെയും വിലക്കുന്നതിനുള്ള ഉഭയകക്ഷി ക്രമീകരണത്തിന്‍റെ ഭാഗമായി എല്ലാവർഷവും ജനുവരി ഒന്നിനാണ് വിവരങ്ങൾ കൈമാറുന്നത്.
ആണവ വിവരങ്ങൾ കൈമാറണമെന്ന കരാർ 1988 ഡിസംബർ 31നാണ് ഒപ്പുവെക്കുന്നത്. 1991 ജനുവരി 27ന് കരാർ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹിയിലെയും ഇസ്ലാമാബാദിലെയും നയതന്ത്ര മാർഗങ്ങളിലൂടെ ഒരേസമയം ഇന്ത്യയും പാകിസ്താനും ആണവ വിവരങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും ആണവോർജ സ്ഥാപനങ്ങൾക്കെതിരെയും സൗകര്യങ്ങൾക്കെതിരെയുമുള്ള ആക്രമണം തടയാൻ ലക്ഷ്യമിട്ടാണ് കരാർ. 31ാമത്തെ വർഷമാണ് കരാർപ്രകാരം ഇരു രാജ്യങ്ങളും വിവരങ്ങൾ കൈമാറുന്നത്. കൂടാതെ, ഇരുരാജ്യങ്ങളും സിവിലിയൻ തടവുകാരുടെയും കസ്റ്റഡിയിലുള്ള മത്സ്യ തൊഴിലാളികളുടെയും വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ട്. 2008ലെ കരാർ പ്രകാരം എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.