കാർഗിൽ വിജയ സ്മരണ പുതുക്കി രാഷ്ട്രം
text_fieldsന്യൂഡൽഹി: 21ാം കാർഗിൽ വിജയ ദിനത്തിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച 527 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'അവരുടെ ത്യാഗങ്ങൾ നമ്മൾ ഓർക്കുന്നു. അവരുടെ വീര്യം നമ്മൾ ഓർക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് കാർഗിലിൽ ജീവൻ ത്വജിച്ച എല്ലാവർക്കും കാർഗിൽ വിജയ് ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധൈര്യം ഓരോ ദിവസവും നമ്മളെ പ്രചോദിപ്പിക്കുന്നു.'-മോദി ട്വീറ്റിൽ അനുസ്മരിച്ചു.
ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, കരസേന മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൂരിയ, നാവിക സേന ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ, സി.ഐ.എസ്.സി വൈസ് അഡ്മിറൽ അതുൽ ജെയ്ൻ എന്നിവരും സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാതിരുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ലഡാക്ക് ലഫ്റ്റനന്‍റ് ഗവർണർ ആർ.കെ. മാഥൂർ, ലഡാക്ക് എം.പി ജെ.റ്റി. നംഗ്യാൽ എന്നിവർ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.
1999ൽ കാർഗിലിൽ കടന്നാക്രമിച്ച പാകിസ്താൻ സൈന്യത്തെ തുരത്തിയതിന്റെ സ്മരണക്കാണ് ജൂലൈ 26ന് കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നത്. 60 ദിവസം നീണ്ട യുദ്ധത്തിൽ 527 ജവാന്മാർ വീരമൃത്യു വരിച്ചു. രാഷ്ട്രത്തെ സുധീരം കാത്തു സംരക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന്‍റെ ശൗര്യത്തെയും മഹത്തായ ത്യാഗത്തെയുമാണ് ഇൗ ദിനം ഒാർമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.