ചൈനയുടെ പ്രകോപനം:അതിർത്തിയിലേക്ക് കൂടുതൽ സൈന്യം
text_fieldsന്യൂഡൽഹി: ചൈനയുടെ ഭാഗത്തുനിന്ന് ഒരു മാസത്തിലേറെയായി പ്രകോപനം തുടരുന്ന സിക്കിം അതിർത്തിയിൽ സൈനിക സാന്നിധ്യം വീണ്ടും വർധിപ്പിച്ച് ഇന്ത്യ. ചൈനയുടെ പീപ്ൾസ് ലിബറേഷൻ ആർമി 141ാം ഡിവിഷനിലെ സൈനികർ അതിർത്തിയിൽ രണ്ട് ഇന്ത്യൻ സൈനിക ബങ്കറുകൾ തകർത്ത് സംഘർഷം സൃഷ്ടിച്ചതിനു മറുപടിയായാണ് കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ പ്രതിരോധം ശക്തമാക്കിയത്. 1962ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയും സൈനികർ ഡോകാ ലാ അതിർത്തിയിൽ വിന്യസിക്കപ്പെടുന്നത്. യുദ്ധത്തിനൊരുങ്ങിയല്ല പുതിയ വിന്യാസമെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
സംഘർഷത്തിലേക്കു നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങൾ സൈന്യം ആദ്യമായി പുറത്തുവിട്ടു. ഇന്ത്യ-ഭൂട്ടാൻ-തിബത്ത് അതിർത്തിയോടു ചേർന്നുള്ള ചുംബി താഴ്വരയിലെ ഡോകാ ലായിൽ 2012ൽ സ്ഥാപിച്ച രണ്ടു ബങ്കറുകൾ നീക്കംചെയ്യാൻ ചൈനീസ് സേന ജൂൺ ഒന്നിന് ഇന്ത്യയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിർദേശം തള്ളിയ ഇന്ത്യൻ സൈന്യം ചൈനീസ് മുന്നറിയിപ്പ് സംബന്ധിച്ച് സുഖ്നയിലുള്ള 33ാം പട്ടാള വിഭാഗ ആസ്ഥാനേത്തക്ക് വിവരം നൽകി. ഇതിനിടെ ജൂൺ ആറിന് രണ്ട് ചൈനീസ് ബുൾഡോസറുകൾ സ്ഥലത്തെത്തി രണ്ടു ബങ്കറുകളും തകർത്തു. ഇന്ത്യക്കും ഭൂട്ടാനും അവകാശമില്ലെന്നും ചൈനയുടെ ഭൂമിയിലാണെന്നും പറഞ്ഞായിരുന്നു നടപടി. ഉടൻ സ്ഥലത്തെത്തിയ ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെയും വാഹനങ്ങളും പിന്തിരിപ്പിച്ചതിനു പിറകെ കൂടുതൽ കടന്നുകയറ്റമൊഴിവാക്കാൻ സൈനികരുടെ എണ്ണം വർധിപ്പിക്കുകയായിരുന്നു. അതിർത്തിയിൽനിന്ന് 20 കി.മീറ്റർ അകലെ നിലയുറപ്പിച്ച ബ്രിഗേഡ് ആസ്ഥാനത്തുനിന്നാണ് പുതുതായി സൈനികരെ അതിർത്തിയിൽ വിന്യസിച്ചത്.
ഇതോടെ ഇരു രാജ്യങ്ങളുടെയും സൈനികർ അതിർത്തിയിൽ മുഖാമുഖം നിൽക്കുകയാണ്. 2013ൽ ജമ്മു-കശ്മീരിലെ ലഡാക്കിൽ 21 ദിവസം ഇരുസൈനികരും സമാനമായി നിലയുറപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.