ഖത്തർ പ്രതിസന്ധി: ക്രിയാത്മക ചർച്ച നടക്കണമെന്ന് ഇന്ത്യ
text_fields
ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും രാജ്യം അതീവ വില കൽപിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രിയാത്മക ചർച്ചകളിലൂടെ ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ഇന്ത്യ. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച ശേഷമുള്ള സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കാലങ്ങളായി ഗൾഫ് രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് ഉറ്റ ബന്ധമാണുള്ളത്. 80 ദശലക്ഷത്തിലേറെ ഇന്ത്യൻ പ്രവാസികളാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്നത്. ഇൗ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായത് ചെയ്യുമെന്ന് അവിടത്തെ ഭരണാധികാരികൾ ഉറപ്പുതന്നിട്ടുള്ളതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെയുള്ള സൗഹാർദപരമായ ചർച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണം.
അന്താരാഷ്ട്ര ഭീകരവാദം, അക്രമാസക്ത തീവ്രവാദം, മതപരമായ അസഹിഷ്ണുത എന്നിവ മേഖലയുടെ സുസ്ഥിരതക്ക് ഗുരുതര ഭവിഷ്യത്ത് സൃഷ്ടിക്കുന്നതിനൊപ്പം ആഗോള സമാധാനത്തിനും ഭീഷണിയാകുന്നു. രാജ്യങ്ങളുടെ സംയോജിതവും സമഗ്രവുമായ വിയോജിപ്പുകൾ ഇതിനെതിരെ ഉയരേണ്ടതുണ്ട്. ഏതെങ്കിലും രീതിയിൽ സഹായം ആവശ്യമുള്ളവർ ഇൗ രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.