ഇന്ത്യക്ക് വിശക്കുന്നു; ആഗോള സൂചികയിൽ പാകിസ്താനും നേപ്പാളിനും ബംഗ്ലാദേശിനും പിന്നിൽ
text_fieldsന്യൂഡൽഹി: അതിഭീകരമായ പട്ടിണിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്ലോബൽ ഹംഗർ ഇൻഡക്സ് (ആഗോള വിശപ്പ് സൂചിക). 107 രാജ്യങ്ങളുടെ പട്ടികയിൽ 94ാം സ്ഥാനത്താണ് ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്.
രാജ്യത്തിലെ വലിയ വിഭാഗം ആളുകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്‍മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയാറാക്കുന്നത്.
പട്ടികയിൽ പാകിസ്താൻ 88ാം സ്ഥാനത്താണ്. ബംഗ്ലാദേശ് 75ഉം നേപ്പാൾ 73ഉം സ്ഥാനത്താണ്. ഉത്തര കൊറിയ, റുവാണ്ട, നൈജീരിയ, അഫ്ഗാനിസ്താൻ, സിയെറ ലിയോൺ എന്നീ രാജ്യങ്ങളാണ് ഏറ്റവും കടുത്ത പട്ടിണിയിൽ കഴിയുന്നത്.
അതേസമയം, 2019ലെ പട്ടികയിൽ നിന്ന് ഇന്ത്യ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ പട്ടികയിൽ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്.
ദക്ഷിണേഷ്യ, സഹാറക്ക് തെക്കുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കടുത്ത വിശപ്പു സാഹചര്യങ്ങളിൽ ജനം കഴിയുന്നതെന്ന് ഹംഗർ ഇൻഡക്സ് ചൂണ്ടിക്കാട്ടുന്നു.
പട്ടികയിൽ ഇന്ത്യയുടെ ഇൻഡക്സ് സ്കോർ 27.2 ആണ്. ഇതിനെ ഗുരുതര വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. രാജ്യത്ത് ജനസംഖ്യയുടെ 14 ശതമാനം അതായത്, 18 കോടിയിലേറെ ജനം പട്ടിണിയിലാണെന്ന് സൂചിക പറയുന്നു.
രാജ്യത്ത് കുട്ടികളുടെ വളർച്ചാമുരടിപ്പ് നിരക്ക് 37.4 ശതമാനമാണ്. അതേസമയം, അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ കുറവുണ്ടായിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ഏജൻസികളുടെയും കൈയിലെ വിവരങ്ങൾ ശേഖരിച്ചാണ് ആഗോള വിശപ്പ് സൂചിക ഒരുക്കുന്നത്. 2000ന് ശേഷം ലോകത്താകമാനം പട്ടിണി കുറഞ്ഞുവരുന്നതായാണ് കാണുന്നതെങ്കിലും പലയിടങ്ങളിലും വളർച്ച പതുക്കെയും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.