ആസൂത്രിത അക്രമസംഭവങ്ങളിൽ ഭരണകൂടം കടമ മറക്കുന്നു -ടീസ്റ്റ സെറ്റൽവാദ്
text_fieldsഅഹ്മദാബാദ്: ആസൂത്രിത അക്രമസംഭവങ്ങളിൽ ഭരണകൂടം പലപ്പോഴും കാഴ്ചക്കാരാണെന്നും ഇരകൾക്കും അതിജീവിതർക്കുംവേണ്ടി നിലകൊള്ളുന്നവർ പിന്നീട് ഇരകളായി മാറുന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ്. വിദ്വേഷ പ്രസംഗവും എഴുത്തും മുഖേന ആസൂത്രിതമായി അക്രമങ്ങൾക്ക് കളമൊരുക്കുകയാണെന്നും അഹ്മദാബാദിൽ ഗിരീഷ് പട്ടേൽ സ്മരണാഞ്ജലി പ്രഭാഷണം നിർവഹിക്കവെ അവർ പറഞ്ഞു.
ഇത്തരം അക്രമങ്ങളിൽ കുറ്റവാളികൾക്കുള്ള ശിക്ഷ നേടിക്കൊടുക്കാൻ ശ്രമിച്ചാൽ ഇരയാക്കപ്പെട്ടവർ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. രാജ്യത്തിതുവരെ നടന്ന കലാപങ്ങളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന കണക്കെടുക്കുന്നത് നന്നായിരിക്കും. ജനങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുന്നതിൽ സാമൂഹിക മാധ്യമങ്ങളൂടെ പങ്ക് വലുതാണ്. പൗരത്വപ്രശ്നത്തിലടക്കം ഇരയാക്കപ്പെട്ടവരുടെ എണ്ണം വലുതാണ്. ഇതിനെല്ലാം നിയമപരമായ പരിഹാരം പലപ്പോഴും അസാധ്യമാണ്. രാഷ്ട്രീയ പരിഹാരമാണാവശ്യം.
ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടുള്ള കൂട്ടായ പരിശ്രമങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകത. സ്വാതന്ത്ര്യത്തിനുശേഷം ചരിത്രം മാറ്റിയെഴുതാനുള്ള ആദ്യശ്രമമായിരുന്നു മഹാത്മാ ഗാന്ധിയുടെ വധമെന്നും സെറ്റൽവാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.