ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒരാൾക്ക് പാകിസ്താനിൽ വരവേൽപ് ലഭിക്കുന്നതിൽ അത്ഭുതമില്ല -സാകിർ നായിക്കിന്റെ പാക് സന്ദർശനത്തിൽ വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. നിരാശാജനകവും വിമർശനപരവുമായ തീരുമാനമാണത്. എന്നാൽ സന്ദർശനം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ പ്രതികരിച്ചു.
പാകിസ്താന് ഏറ്റവും അനുയോജ്യനായ ആളാണ് അദ്ദേഹം എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചതും.-ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒരാൾക്ക് പാകിസ്താനിൽ ഊഷ്മള സ്വീകരണം ലഭിക്കുന്നതിൽ ഒട്ടും അത്ഭുതം തോന്നുന്നില്ല. നിരാശപ്പെടുത്തുന്നതും വിമർശിക്കപ്പെടേണ്ടതുമായ ഒന്നാണിത്.-ജയ്സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ചയാണ് സാകിർ നായിക് (58) പാകിസ്താനിലെത്തിയത്. മാസങ്ങളോളം നീളുന്ന പര്യടനത്തിന്റെ ഭാഗമായാണ് സാകിർ നായിക് പാകിസ്താനിലെത്തിയത്. പാക് തലസ്ഥാനമായ ഇസ്‍ലാമാബാദിലും കറാച്ചിയിലും ലാഹോറിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
1992നു ശേഷം ആദ്യമായാണ് സാകിർ നായിക് പാകിസ്താൻ സന്ദർശിക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് നായിക്കിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തുടർന്ന് 2016ൽ രാജ്യംവിട്ട അദ്ദേഹം മലേഷ്യയിൽ സ്ഥിരതാമസമാക്കി.
വിവാദ പരാമർശങ്ങളെ തുടർന്ന് സാകിർ നായിക്കിന്റെ പീസ് ടി.വി, ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലും നിരോധിച്ചതാണ്. കൂടാതെ കാനഡയിലും യു.കെയിലും അദ്ദേഹത്തിന് പ്രവേശന വിലക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.