അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരിട്ട ചൈനയുടെ നടപടി: കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട ചൈനയുടെ നടപടിയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ.
പുതിയ പേരു നൽകിയത് പൂർണമായും തള്ളിക്കളയുന്നു. ഇത്തരം ശ്രമങ്ങൾ ചൈന നടത്തുന്നത് ഇതാദ്യമല്ല. അരുണാചൽ പ്രദേശ് എക്കാലവും ഇന്ത്യയുടെ മാറ്റിനിർത്താനാകാത്ത ഭാഗമാണ്. പുതിയ പേരിട്ടാൽ ഈ യാഥാർഥ്യം മാറ്റാനാകില്ല -വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
അരുണാചൽ പ്രദേശിലെ ഓരോ പ്രദേശങ്ങൾക്ക് പുതിയ പേരിടൽ നടത്തുന്ന ചൈനയുടെ ഏർപ്പാട് ഇതു മൂന്നാം തവണയാണ്. സ്ഥലനാമ ഏകീകരണത്തിന്റെ പേരിൽ 2017ൽ ആറു സ്ഥലങ്ങൾക്ക് പുതിയ പേരിട്ടു. 2021ൽ 15 സ്ഥലങ്ങളുടെ പേരുമാറ്റമാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ 11 സ്ഥലങ്ങൾക്ക് പുതിയ പേരിട്ടു. രണ്ടു പാർപ്പിട പ്രദേശങ്ങൾ, അഞ്ച് കുന്നുകൾ, രണ്ടു നദികൾ എന്നിവ ഇക്കൂട്ടത്തിൽ പെടും. ഏറിയും കുറഞ്ഞും സംഘർഷാത്മക സ്ഥിതിയിൽ അതിർത്തി മേഖല തുടരുന്നതിനിടയിലാണ് ഇത്തരത്തിലൊരു നാമകരണ ചടങ്ങ്.
ചൈനക്ക് ക്ലീൻ ചിറ്റ് നൽകുകയും അതിർത്തിയിലെ അവരുടെ ചെയ്തികൾക്കു മുന്നിൽ തികഞ്ഞ മൗനം പാലിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മൂന്നാം തവണയാണ് പേരുമാറ്റം. എന്നാൽ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി തുടരും. ചൈനക്ക് ക്ലീൻ ചിറ്റ് മോദി നൽകിയതിന്റെ ഭവിഷ്യത്ത് രാജ്യം നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
2,000 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന പിടിച്ചെടുത്തു. സ്ഥലങ്ങൾക്ക് പേരുമാറ്റുകയാണ് അവർ. പ്രധാനമന്ത്രി നിശ്ശബ്ദമായിരിക്കുന്നു. ഉത്തരമില്ല. പ്രധാനമന്ത്രിക്കെന്താ, ഇത്ര പേടി? -ഖാർഗെ ചോദിച്ചു.
അതിർത്തി സാഹചര്യം മെച്ചപ്പെട്ടെന്ന് അവകാശപ്പെടുമ്പോൾ തന്നെ ചൈനയുടെ പ്രകോപനവും കടന്നു കയറ്റവും തുടരുകയാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.