അരുണാചൽ അവിഭാജ്യ ഭാഗമെന്ന് ആവർത്തിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന് ആവർത്തിച്ച് ഇന്ത്യ. അരുണാചലിന് മേൽ അവകാശവാദമുന്നയിച്ച ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവിന്റെ അഭിപ്രായ പ്രകടനം അസംബന്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അരുണാചൽ പ്രദേശ് തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് സീനിയർ കേണൽ ഷാങ് സിയാവോഗാങ് അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തോടുള്ള ബെയ്ജിങ്ങിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.
ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ മേൽ അസംബന്ധമായ അവകാശവാദം ഉന്നയിച്ച ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവിന്റെ അഭിപ്രായ പ്രകടനം ശ്രദ്ധയിൽപെട്ടതായി ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അടിസ്ഥാനരഹിതമായ വാദങ്ങൾ ആവർത്തിച്ചാൽ അത്തരം അവകാശവാദങ്ങൾക്ക് സാധുത ലഭിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അരുണാചൽ പ്രദേശ് ഇന്നും എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കും. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളുടെയും അടിസ്ഥാന സൗകര്യ പദ്ധതികളുടെയും പ്രയോജനം തുടർന്നും സംസ്ഥാനത്തിന് ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.