പാകിസ്താന്‍റെ ജമ്മു കശ്മീർ അതിർത്തി നിർണയ പ്രമേയം പ്രഹസനമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിർത്തി നിർണയത്തിൽ പാകിസ്താൻ പാസാക്കിയ പ്രമേയത്തെ എതിർത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഴുവൻ സ്ഥലങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എന്നും നിലനിൽക്കും. ജമ്മു കശ്മീരിന്‍റെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പാകിസ്താൻ പാസാക്കിയ പ്രമേയം വെറും പ്രഹസനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അതിർത്തി നിർണയം വിപുലമായ കൂടിയാലോചനകളിലൂടെ നടത്തേണ്ട ജനാധിപത്യ പ്രവർത്തനമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനും അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ നടത്തുന്നതിനും പകരം സ്വന്തം പ്രദേശങ്ങളെ ക്രമപ്പെടുത്തുന്നതിൽ പാകിസ്താൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബാഗ്ചി പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതും പാകിസ്താൻ ഉടൻ അവസാനിപ്പിക്കണം. പാക് അധിനിവേശ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.