'ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ല'; പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഇന്ത്യൻ ഹൈകമീഷൻ
text_fieldsകൊളംബോ: സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷൻ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്പത്തിക വീണ്ടെടുപ്പിനും ഇന്ത്യ പൂർണ പിന്തുണ നൽകുന്നതായും അധികൃതർ അറിയിച്ചു. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയും കുടുംബവും ഇന്ത്യയിൽ അഭയം തേടിയെന്ന റിപ്പോർട്ടുകളും തള്ളി.
"ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പാലായനം ചെയ്തിട്ടുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കള്ള പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് വസ്തുത വിരുദ്ധമാണ്. ഹൈകമീഷൻ ഇത്തരം വാർത്തകൾ ശക്തമായി നിഷേധിക്കുന്നു"- ഇന്ത്യൻ ഹൈകമീഷൻ ട്വീറ്റ് ചെയ്തു.
ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്പത്തിക വീണ്ടെടുപ്പിനും പൂർണ പിന്തുണ നൽകുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അയൽ രാജ്യമെന്ന നിലയിൽ ശ്രീലങ്കക്ക് ഇന്ത്യയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.