സ്കൂളിലും ഇന്ത്യ പുറത്ത്
text_fieldsന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിലും ‘ഇന്ത്യ’ക്കുപകരം ‘ഭാരതം’ എന്ന് ഉപയോഗിക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) സിലബസ് പരിഷ്കരണത്തിന് നിയോഗിച്ച ഉന്നതതല സമിതിയുടെ ശിപാർശ.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗമായ മലയാളി പ്രഫ. സി.ഐ ഐസക് അധ്യക്ഷനായ സമിതിയാണ് ഈ ശിപാർശ മുന്നോട്ടുവെച്ചത്. കരിക്കുലം കമ്മിറ്റി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. ജി 20യിൽ അടക്കം കേന്ദ്രസർക്കാർ ‘ഇന്ത്യ’യെ പിന്തള്ളി ‘ഭാരത്’ ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി അടുത്ത അധ്യയനവർഷം മാറ്റം നടപ്പാകും.
ചരിത്രത്തിലെ നിരവധിയായ യുദ്ധങ്ങളെക്കുറിച്ച പാഠഭാഗങ്ങളിൽ ‘ഹിന്ദു വിജയ’ങ്ങൾ ഉയർത്തിക്കാട്ടണമെന്നാണ് മറ്റൊരു ശിപാർശ. ‘നമ്മുടെ’ പരാജയങ്ങളാണ് ഇപ്പോൾ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നത്. എന്നാൽ, മുഗളന്മാർക്കും സുൽത്താന്മാർക്കും മേൽ ‘നാം’ നേടിയ വിജയം ഉൾപ്പെടുത്തിയിട്ടില്ലെന്നും സമിതി ചെയർമാനായ സി.ഐ. ഐസക് വിശദീകരിച്ചു.
പുരാതന ചരിത്രത്തിനുപകരം ക്ലാസിക്കൽ ചരിത്രം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. 1947നു ശേഷമുള്ള ചരിത്രവും പഠനവിഷയമാക്കണം. പുരാതന, മധ്യ, ആധുനിക കാലങ്ങളായി ചരിത്രത്തെ വേർതിരിക്കേണ്ട കാര്യമില്ല. ബ്രിട്ടീഷുകാർ ഇന്ത്യയെ ഇരുണ്ടകാലം, ശാസ്ത്രാവബോധമില്ലാത്ത കാലം, പുരോഗതിയുടെ കാലം എന്നിങ്ങനെ തിരിക്കുകയാണ് ചെയ്തത്. അതു മാറണം. എല്ലാ വിഷയങ്ങളുടെയും സിലബസിൽ ഇന്ത്യൻ വിജ്ഞാന സമ്പ്രദായം (ഐ.കെ.എസ്) ഉൾപ്പെടുത്താനും സമിതി നിർദേശിച്ചു.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് എൻ.സി.ഇ.ആർ.ടി സ്കൂൾ പാഠപുസ്തകങ്ങളിലെ പാഠ്യക്രമം പുതുക്കുന്നത്. കരിക്കുലം, പാഠപുസ്തകം, പഠനോപാധികൾ എന്നിവ നിശ്ചയിക്കാൻ 19 അംഗ ദേശീയ പാഠ്യവിഷയ, അധ്യാപന പഠനോപാധി സമിതിക്ക് ഈയിടെ കൗൺസിൽ രൂപം നൽകിയിരുന്നു.
സി.ഐ. ഐസക്കിനു പുറമെ ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ രഘുവേന്ദ്ര തൻവർ, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പ്രഫസർ വന്ദന മിശ്ര, ഡെക്കാൻ കോളജ് കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ വസന്ത് ഷിൻഡെ, ഹരിയാന സർക്കാർ സ്കൂൾ അധ്യാപിക മമത യാദവ് എന്നിവരാണ് ഉന്നതതല സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.