രാജീവിന്‍റെ ഒാർമകളിൽ രാജ്യം; സ്നേഹത്തേക്കാൾ വലിയ കരുത്തില്ലെന്ന് പ്രിയങ്ക
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിെന്റ മണ്ണിൽ മരിച്ചുവീണിട്ട് ഇന്ന് മൂന്നു പതിറ്റാണ്ടു തികയുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ രാജീവ് ഗാന്ധി 47ാം വയസ്സിലാണ് വധിക്കപ്പെട്ടത്. 1991 മെയ് 21ന് രാത്രി പത്തരയോടെ തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ തെരെഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ സംബന്ധിക്കാനെത്തിയ രാജീവിനെ എൽ.ടി.ടി.ഇ സംഘം ചാവേർ സ്ഫോടനത്തിലൂടെ വധിക്കുകയായിരുന്നു.
മാതാവ് ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാഷ്ട്രീയത്തിന്റെ ഗോദയിലേക്കിറങ്ങിയ രാജീവ് നാൽപതാം വയസ്സിലാണ് ഇന്ത്യയുടെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏറെ സ്വപ്നങ്ങൾ കണ്ട, അവയിൽ പലതും പ്രാവർത്തികമാക്കിയ രാജീവ് കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച പ്രധാനമന്ത്രിയായി അടയാളപ്പെടുത്തിയിരുന്നു. കമ്പ്യൂട്ടർവത്കരണം, ദേശീയ വിദ്യാഭ്യാസനയം, കൂറുമാറ്റ നിരോധന നിയമം തുടങ്ങി ചരിത്രനേട്ടങ്ങളുടെ മായാമുദ്രകൾ രാഷ്ട്രത്തിന്റെ വികസനഭൂമികയിൽ പതിച്ചാണ് രാജീവ് യാത്രയായത്.
വിവാദങ്ങളും അഴിമതിയാരോപണങ്ങളും മറ്റു രാഷ്ട്രീയ വെല്ലുവിളികളുമൊക്കെ നിറഞ്ഞപ്പോഴും നേതൃപാടവത്തോടെ കോൺഗ്രസിനെ നയിക്കാനും രാജീവിന് കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ ശിൽപിമാരിലാരാളെന്ന വിശേഷണത്തോടെയാണ് രാജ്യം ഇന്നും രാജീവിനെ ഓർക്കുന്നത്.
'സത്യം, സഹാനുഭൂതി, പുരോഗതി' #RememberingRajivGandhi എന്ന ഹാഷ്ടാഗിൽ പിതാവിനെ അനുസ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 'സ്നേഹത്തേക്കാൾ വലിയ കരുത്തില്ല. കരുണയേക്കാൾ വലിയ ധൈര്യമില്ല. സഹാനുഭൂതിയേക്കാൾ വലിയ അധികാരമില്ല, വിനയത്തേക്കാൾ വലിയ അധ്യാപകനില്ല' -പിതാവിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ ട്വീറ്റ് ഇതായിരുന്നു.
മഹാമാരിക്കാലത്ത് രാജീവിന്‍റെ ചരമവാർഷികം 'സേവ-സദ്ഭാവന' ദിനമായി ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.