രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരം; 3,46,786 പുതിയ രോഗികൾ, മരണം 2624
text_fieldsന്യൂഡൽഹി: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ വലഞ്ഞ് രാജ്യം. 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2624 മരണവും സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2,19,838 പേർ രോഗമുക്തി നേടി. 1,66,10,481 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,38,67,997പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മരണനിരക്ക് 1,89,544 ആയി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്നത് രോഗവ്യാപനം തടയുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. 13,83,79,832 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്കും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും.
മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയവയാണ് രോഗവ്യാപനത്തിൽ വലയുന്ന സംസ്ഥാനങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ മരണനിരക്കും കുത്തനെ ഉയരുന്നുണ്ട്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 773 പേരും ഡൽഹിയിൽ 348 േപരുമാണ് മരിച്ചത്. 24 മണിക്കൂറും ശ്മശാനങ്ങൾക്ക് പുറത്ത് വാഹനങ്ങളുടെ നീണ്ട നിര കാണാം. കോവിഡ് സ്ഥിരീകരിക്കുന്നതോടെ രോഗികളുടെ ഓക്സിജൻ അളവ് ക്രമാതീതമായി താഴുന്നതോടെയാണ് മിക്ക മരണവും. ഓക്സിജൻ ക്ഷാമവും ആശുപത്രികളുടെ അപര്യാപ്തതയും മരണനിരക്ക് ഉയർത്തുന്നുണ്ട്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ 66,836 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 81.81 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.52 ശതമാനവും. നിലവിൽ 6,91,851 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. 16.53 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് കൂടുതൽ ഓക്സിജനും പ്രതിരോധ മരുന്നുകളും ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിലും സമാന സ്ഥിതിയാണ് നേരിടുന്നത്. ഡൽഹിയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്. 24,331 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 32 ശതമാനമാണ് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92,000 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. ഓക്സിജൻ ക്ഷാമമാണ് ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.