രണ്ട് മാസത്തിന് ശേഷം കനേഡിയൻ പൗരൻമാർക്ക് ഇ-വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു
text_fieldsന്യൂഡൽഹി: രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കനേഡിയൻ പൗരന്മാർക്ക് ഇലക്ട്രോണിക് വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചിരിക്കുകയാണ്. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞത്.
എന്നാൽ ട്രൂഡോയുടെ ആരോപണം കെട്ടിച്ചമച്ചതും പ്രത്യേക ലക്ഷ്യംവെച്ചുള്ളതുമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ദിവസങ്ങൾക്കു ശേഷം കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തി വെക്കുകയും ചെയ്തു. ഇന്ത്യയിലെ നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറക്കണെമന്നും കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യ-കാനഡ വ്യാപാര ചർച്ചകളും മാറ്റിവെച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിൽ വെച്ചാണ് നിജ്ജാർ കൊല്ലപ്പെട്ടത്. 1997ൽ കാനഡയിലേക്ക് കുടിയേറിയ പഞ്ചാബ് ജലന്ധർ ജില്ലയിലെ ഭർസിങ്പുര സ്വദേശിയായ ഹർദീപ് സിങ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക് സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ് രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.