പാലം നിർമാണം ചൈന കൈയേറിയ പ്രദേശത്തെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പങോങ് തടാകത്തിന് കുറുകെ നിർമിക്കുന്ന പാലം 60 വർഷത്തോളമായി ചൈന അനധികൃതമായി കൈവശംവെച്ച പ്രദേശത്താണെന്നും ഇത്തരം നടപടി ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരുകൾ മാറ്റിയതിന് ചൈനയെ വിമർശിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇത്തരം നിസ്സാര കാര്യങ്ങൾക്കു പകരം കിഴക്കൻ ലഡാക്കിലെ സംഘർഷം പരിഹരിക്കുന്നതിൽ ബെയ്ജിങ് ഇന്ത്യയുമൊത്ത് ക്രിയാത്മകമായി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു.
അനുവദനീയമല്ലാത്ത പ്രാദേശിക അവകാശവാദങ്ങളെ പിന്തുണക്കുന്നതിനുള്ള വിഡ്ഢിത്തമായാണ് ചൈനാ നടപടിയെ അദ്ദേഹം വാർത്തസമ്മേളനത്തിൽ വിശേഷിപ്പിച്ചത്. നിർമാണം സംബന്ധിച്ച് സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ബാഗ്ചി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഏഴു വർഷത്തിനിടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസന ബജറ്റ് സർക്കാർ ഗണ്യമായി വർധിപ്പിക്കുകയും കൂടുതൽ റോഡുകളും പാലങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.