യുക്രെയ്ന് കൂടുതൽ മാനുഷിക സഹായം വേണം -മോദിക്ക് സെലൻസ്കിയുടെ കത്ത്
text_fieldsന്യൂഡൽഹി: യുക്രെയ്ന് കൂടുതൽ വൈദ്യ സഹായം അഭ്യർഥിച്ച് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ വഴിയാണ് കത്ത് കൊടുത്തയച്ചത്. കത്ത് എമൈന്‍ ജാപറോവ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയ്ക്ക് കൈമാറി.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ജാപറോവ മീനാക്ഷി ലേഖിയോട് അഭ്യർഥിച്ചു. ആവശ്യമായ സഹായം നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു. യുദ്ധത്തിന് അറുതിയുണ്ടാക്കാൻ ഇന്ത്യ ശക്തമായി ഇടപെടണമെന്നും പ്രധാനമന്ത്രി കിയവ് സന്ദർശിക്കണമെന്നും ജാപറോവ ആവശ്യപ്പെട്ടു. റഷ്യയെ ആശ്രയിക്കുന്നതിൽ ജാഗ്രത വേണമെന്നും വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അടുത്തിടെ വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്.
ജി-20 ഉച്ചകോടിയില്‍ സെലന്‍സ്‌കിയെ പങ്കെടുപ്പിക്കണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്ന സാഹചര്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതൽ അവസരമൊരുക്കുമെന്നും യുക്രെയ്ൻ ചൂണ്ടിക്കാട്ടി.
അതിനിടെ, റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തിന് നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇത് യുദ്ധം ചെയ്യാനുള്ള കാലഘട്ടമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ പ്രധാനമന്ത്രി മോദി ഓര്‍മിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.