വ്യോമസേനക്ക് 20,000 കോടിയുടെ വിമാനം; കരാർ ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: വ്യോമസേനക്ക് 56 ഇടത്തരം ചരക്ക് വിമാനങ്ങൾ നൽകുന്നതിന് സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായി 20,000 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. കാലപ്പഴക്കം ചെന്ന ആവ്റോ-748നു പകരം സി-295 ഇനത്തിൽപെട്ട വിമാനങ്ങളാണ് വാങ്ങുന്നത്.
16 വിമാനങ്ങൾ നാലു വർഷത്തിനകം സ്പെയിനിൽനിന്ന് നേരിട്ട് എത്തിക്കും. ബാക്കി 40 വിമാനങ്ങൾ ഇന്ത്യയിൽ ടാറ്റ കമ്പനിയുമായി ചേർന്ന് 10 വർഷം കൊണ്ട് നിർമിക്കും. ഇതിനായി എയർബസ് ഡിഫൻസ് ആൻഡ് സ്പേസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും പ്രത്യേക കൺസോർട്യം രൂപവത്കരിച്ചിട്ടുണ്ട്. സൈനിക വിമാനം ഇതാദ്യമായാണ് സ്വകാര്യ കമ്പനി ഇന്ത്യയിൽ നിർമിക്കുന്നത്. വിമാന ഭാഗങ്ങൾ നിർമിക്കുന്നതിനൊപ്പം സർവിസിങ് സൗകര്യവും ഇന്ത്യയിൽ സജ്ജീകരിക്കും.
അഞ്ചു മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് പുതിയ വിമാനങ്ങൾ. ആവ്റോ വിമാനങ്ങൾ മാറ്റാൻ ഒൻപതു വർഷം മുമ്പ് പ്രതിരോധ മന്ത്രാലയം തത്വത്തിൽ തീരുമാനിച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് സുരക്ഷാകാര്യ മന്ത്രിസഭ സമിതി കരാർ അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.